പാലാ കൊലപാതകം; നിതിന മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി

കോട്ടയം: നിതിന മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം പോലീസ് തെളിവെടുപ്പ് നടത്തും. ബ്ലേഡ് വാങ്ങിയത് ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നെന്നും പ്രതി മൊഴി നല്‍കി.

പ്രതിയെ ഇന്ന് പാലാ സെന്റ് തോമസ് കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു. പ്രണയം നിരസിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു.

അതേസമയം,നിതിനയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം നടത്തും. ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് സംസ്‌കാരം.

ഒക്ടോബര്‍ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളില്‍ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികില്‍ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News