തിരുവനന്തപുരം: കേരളത്തോട് കേന്ദ്രത്തിനു വിവേചനമില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കേരളത്തില്‍ മൂന്നോ നാലോ മടങ്ങ് കൂടുതലാണ്. അതുകൊണ്ടുതന്നെ കേരളത്തിനു മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണം നല്‍കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കാര്യങ്ങളില്‍ അടുത്തമാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുക്കുമെന്നും ഗഡ്കരി പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഗഡ്കരിയെ കണ്ടത്. പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്തു സ്‌പെഷല്‍ സെക്രട്ടറി ആനന്ദ് സിംഗ് തുടങ്ങിയവരും സംഘത്തിലുണ്ട്.