ദില്ലി:അഴിമതിയ്ക്കും പെരുമാറ്റ ദൂഷ്യത്തിനുമെതിരെ വാളോങ്ങി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.മോശം ട്രാക്ക് റെക്കോഡുള്ള 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്വയം വിരമിയ്ക്കാന്‍ ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.ആദായനികുതി വകുപ്പിലെ ഒരു ചീഫ് കമ്മീഷണര്‍ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ കമ്മീഷണര്‍മാര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ധനമന്ത്രിയായി നിര്‍മലാ സീതാരാമന്‍ ചുമതലയേറ്റ് ആദ്യം സ്വീകരിച്ച തീരുമാനങ്ങളിലൊന്ന് ഇതാണ്.
അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനാരോപണം എന്നിവയില്‍ നടപടി നേരിടുന്ന ഉദ്യോഗസ്ഥരാണ് ജോലി അവസാനിപ്പിയ്‌ക്കേണ്ടത്. കാബിനറ്റ് സെക്രട്ടേറിയറ്റും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും പല വകുപ്പുകളുടെയും വിജിലന്‍സ് മേധാവികള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കേണ്ട ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
പുറത്ത് പോകുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഇവരാണ്: അശോക് അഗര്‍വാള്‍ (IRS 1985) ആദായനികുതി വകുപ്പ് ജോയന്റ് കമ്മീഷണര്‍ – അഴിമതിയും വന്‍ ബിസിനസ്സുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതുമുള്‍പ്പടെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നു. എസ് കെ ശ്രീവാസ്തവ (IRS 1989), അപ്പീല്‍ കമ്മീഷണര്‍ (നോയ്ഡ) – കമ്മീഷണറര്‍ റാങ്കിലുള്ള രണ്ട് വനിതാ ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ശ്രീവാസ്തവയ്‌ക്കെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ചിരുന്നു. ഹൊമി രാജ്‌വംശ് (IRS 1985) – മൂന്ന് കോടിയോളം രൂപയുടെ അനധികൃതസ്വത്ത് സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സമ്പാദിച്ചതായി കണ്ടെത്തി. ബി ബി രാജേന്ദ്ര പ്രസാദ് – ചില കേസുകളില്‍ പണം വാങ്ങി ഒത്തു തീര്‍പ്പിനും പ്രതികള്‍ക്ക് അനുകൂലമായി അപ്പീല്‍ നല്‍കാനും ശ്രമിച്ചെന്ന കേസ്.
പുറത്തുപോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ പേര്: അജോയ് കുമാര്‍ സിംഗ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസൂ രവീന്ദര്‍, വിവേക് ബത്ര, ശ്വേതാഭ് സുമന്‍, രാം കുമാര്‍ ഭാര്‍ഗവ എന്നിങ്ങനെയാണ്.
സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ റൂള്‍ (1972) പ്രകാരമാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.