ന്യൂഡൽഹി: രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകൾക്ക് 33 ശതമാനം സംവരണം കൊണ്ടുവന്നതിനാണ് നരസിംഹ റാവു സര്‍ക്കാരിനെ മന്ത്രി പ്രശംസിച്ചത്.
“പഞ്ചായത്ത് രാജിലൂടെ അന്ന് 33 ശതമാനം വനിതാ സംവരണം കൊണ്ടുവന്നതിന് മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. പല സംസ്ഥാനങ്ങളിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ വനിതാ സംവരണം 50 ശതമാനമായി വർധിപ്പിച്ചു. ഇതോടെ പഞ്ചായത്ത് തലത്തിൽ സ്ത്രീകള്‍ അധികാരത്തിലെത്താന്‍ തുടങ്ങി”- വനിതാ സംവരണ ബില്ലിനെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കവെ നിര്‍മല സീതാരാമൻ പറഞ്ഞു.
1989 മെയ് മാസത്തിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് പഞ്ചായത്തുകളില്‍ മൂന്നിലൊന്ന് വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ചത്. ബില്ല് ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടു. 1991ല്‍ പ്രധാനമന്ത്രിയായ നരസിംഹറാവു 1993 ഏപ്രിലിൽ ഈ ഭരണഘടനാ ഭേദഗതി ബില്ലുകൾ വീണ്ടും അവതരിപ്പിച്ചു. ഇരു സഭകളിലും പാസാവുകയും ചെയ്തു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്ന വനിതാ സംവരണ ബില്‍ ലോക്സസഭയിലും രാജ്യസഭയിലും പാസായത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ വനിതാ സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ചർച്ചക്കിടെ പറഞ്ഞത്.
സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂ. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ നിയമം നടപ്പാക്കാനാകൂ എന്ന് മന്ത്രി പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയതോടെ വനിതാ സംവരണം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി.