ന്യൂഡല്‍ഹി:സ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ കാലപുരിയ്ക്കയയ്ക്കണമെന്ന ഒരു അമ്മയുടെ പോരാട്ടത്തിന്റെ ഐതിഹാസിക വിജയവുമാണ് ഇന്ന് പുലര്‍ച്ചെ നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതോടെ നടപ്പിലായത്.
തന്റെ മകളുടെ ആത്മാവിന് നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ ശാന്താ ദേവി തൂക്കിലേറ്റിയ ശേഷം പ്രതികരിച്ചു.ഇനി തനിയ്ക്ക് സമാധാനമുണ്ടാവും.എന്റെ മകള്‍ ഈ ലോകം വിട്ടുപോയി.അവളിനി തിരിച്ചുവരികയുമില്ല.പക്ഷെ അവള്‍ക്ക് നീതി നടപ്പിലായിരിയ്ക്കുന്നു. ഇത് മകള്‍ക്കുവേണ്ടി മാത്രമുള്ള നിതീയല്ല,രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിയ്ക്കുന്ന നിതിയാണ് നീതിന്യായ വ്യവസ്ഥയ്ക്ക് നന്ദിയെന്നും ആശാദേവി പറഞ്ഞു.ഇ
മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ തീഹാര്‍ജയിലില്‍ പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റി. ബലാത്സംഗക്കൊലപാതക കേസിലെ നാല് പ്രതികളെ ഒന്നിച്ചു തൂക്കിലേറ്റുന്ന അപൂര്‍വതയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
2012 ഡിസംബര്‍ 16-നു രാത്രി ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ 2013 സെപ്റ്റംബര്‍ 13-നാണ് വിചാരണകോടതി പ്രതികളെ ശിക്ഷിച്ചത്. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം അര്‍ധപ്രാണനോടെ ബസില്‍നിന്നു വലിച്ചെറിയപ്പെട്ട അവള്‍ ഡല്‍ഹിയിലെയും പിന്നീടു സിംഗപ്പുരിലെയും ആശുപത്രികളില്‍ മരണത്തോടു മല്ലടിച്ചു ഡിസംബര്‍ 29-ന് കീഴടങ്ങുകയായിരുന്നു. സംഭവം ഇന്ത്യയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്.മൊത്തം ആറു പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ ഒന്നാംപ്രതി ബസ് ഡ്രൈവര്‍ രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു.
കേസിലെ മറ്റൊരു പ്രതിയ്ക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജുവെനെല്‍ ഹോമില്‍ മൂന്നു വര്‍ഷത്തെ വാസത്തിനു ശേഷം വിട്ടയച്ചിരുന്നു.മരണവാറന്റ് റദ്ദാക്കണം എന്നതുള്‍പ്പെട്ട പ്രതികളുടെ അവസാന കച്ചിത്തുരുമ്പായിരുന്ന ഇന്നലെ പരിഗണിച്ച രണ്ടു ഹര്‍ജികള്‍ 11.30 യ്ക്ക് ഡല്‍ഹി ഹൈക്കോടതിയും പുലര്‍ച്ചെ 2.30 യ്ക്ക് പരിഗണിച്ച സുപ്രീംകോടതിയും തള്ളി. ഹരിയാന സ്വദേശി പവന്‍ ജല്ലാദാണ് ആരാച്ചാര്‍. ജനുവരി 22, ഫെബ്രുവരി ഒന്ന്, മാര്‍ച്ച് മൂന്ന് ദിവസങ്ങളില്‍ ശിക്ഷ നടപ്പാക്കാനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ക്കു നിയമപരമായ മാര്‍ഗങ്ങള്‍ ശേഷിച്ചിരുന്നതിനാല്‍ മാറ്റിവച്ചിരുന്നു.
നാലാമത്തെ മരണവാറന്റിലാണു തൂക്കിലേറ്റല്‍ തീരുമാനമായത്.ഡിസംബര്‍ 18നായിരുന്നു കേസിലെ മുഖ്യപ്രതി രാംസിങ്ങും മറ്റു മൂന്നുപേരും അറസ്റ്റിലായത്. ഡിസംബര്‍ 21: കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍നിന്നു പിടികൂടി. അന്നു തന്നെ ഔറംഗബാദില്‍ അക്ഷയ് ഠാക്കൂറും പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒഴികെ, മറ്റ് അഞ്ചുപേര്‍ക്കെതിരേ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധപീഡനം, കവര്‍ച്ച, ഇരയുടെ സുഹൃത്തിനു നേരേ വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2013 മാര്‍ച്ച് 11 നായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയത്.