ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ കുറ്റവാളി മുകേഷ് കുമാര്‍ സിംഗ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേട്ടു. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉടന്‍ ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച ഉച്ചമുതല്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ മൂന്നംഗ ബെഞ്ച് ബുധനാഴ്ച വിധി പറയും.
ജയിലില്‍ പ്രതികള്‍ക്കു ക്രൂരപീഡനം നേരിടേണ്ടിവന്നതായി മുകേഷിന്റെ അഭിഭാഷക അഞ്ജന പ്രകാശ് ആരോപിച്ചു. മുകേഷ് സിംഗിനെ കേസിലെ മറ്റൊരു കുറ്റവാളിയായ അക്ഷയ് സിംഗുമായി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു. ജയിലില്‍ കൊല്ലപ്പെട്ട രാംസിംഗിന്റെ മരണം ആത്മഹത്യയാക്കി മാറ്റിയെന്നും അഭിഭാഷക പറഞ്ഞു. ദയാഹര്‍ജി തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളെ ഏകാന്ത തടവിലേക്ക് മാറ്റാവൂ എന്നാണ് ചട്ടമെന്നും മുകേഷ് സിംഗിനെ വളരെ മുമ്പു തന്നെ ഏകാന്ത തടവിലേക്കു മാറ്റിയിരുന്നുവെന്നും അഭിഭാഷക വാദിച്ചു. എല്ലാ രേഖകളും പരിശോധിക്കാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്ന അഭിഭാഷകയുടെ വാദത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. എല്ലാ രേഖകളും രാഷ്ട്രപതിക്കു നല്‍കിയിട്ടുണ്ടെന്നു മേത്ത പറഞ്ഞു.