അങ്ങനെ പലതരം ബില്ലുകളും ഇനി പുറകെ വരാനുണ്ട്; പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണെന്ന് രാജസേനന്‍
ഡോ. ഫസല്‍ ഗഫൂര്‍ അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്ന് സംവിധായകനും ബിജെപി പ്രവര്‍ത്തകനുമായ രാജസേനന്‍. കോടതി വിധി പൗരത്വ ബില്ലിന് അനുകൂലമാണെങ്കില്‍ ആയുധങ്ങള്‍ എടുക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജസേനന്റെ വാക്കുകള്‍
ഡോ. ഫസല്‍ ഗഫൂറിനുള്ള മറുപടിയാണിത്. അദ്ദേഹത്തിന്റെ പ്രസ്താവന കണ്ടതിനു ശേഷമാണ് ഇങ്ങനെയൊരു മറുപടി നല്‍കാം എന്നു വിചാരിച്ചത്. കോടതി വിധി പൗരത്വ ബില്ലിന് അനുകൂലമാണെങ്കില്‍ കുറച്ച് ആയുധങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്നും അത് പ്രയോഗിക്കുമെന്നും പറഞ്ഞിരുന്നു. അക്രമത്തിന്റെ സ്വഭാവമുള്ള ഭാഷാശൈലി.
എന്റെ ഓര്‍മയില്‍ അദ്ദേഹം ഇങ്ങനെയല്ലായിരുന്നു. ഞാനുമായി നേരിയ പരിചയവും ഉണ്ടായിരുന്നു. കുറച്ചുകൂടി മതസൗഹാര്‍ദപരമായി സംസാരിക്കുന്ന ആളുമായിരുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി അദ്ദേഹത്തിന്റെ പല പ്രഖ്യാപനങ്ങള്‍ക്കും തീവ്രവാദ രീതിയുണ്ട്.
എനിക്ക് ഗഫൂറിനോട് പറയാനുള്ളത്, എനിക്കുമുണ്ട് മുസ്ലിം മതവിശ്വാസികളായ നിരവധി സുഹൃത്തുക്കള്‍. അവരാരും ഇങ്ങനെ തീവ്രവാദപരമായി സംസാരിക്കാറില്ല. അവരൊക്കെ രാജ്യത്തിനു വേണ്ടി സംസാരിക്കുന്ന ദേശസ്നേഹികളാണ്. പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പെട്ട ആളുകളെയും സുരക്ഷിതരാക്കി, ആജീവനാന്തം കൊണ്ടുപോകാനുള്ള ബില്‍. മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുപ്രയോഗിക്കാന്‍ നോക്കിയെങ്കിലും ഭയന്നു പിന്മാറിയിരുന്നു. 370 കശ്മീരില്‍ നടപ്പിലാക്കിയപ്പോഴും പല ഭീഷണികള്‍ ഉണ്ടായിരുന്നു.
അങ്ങനെ പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്. ഓരോ ബില്ല് നടപ്പിലാക്കുമ്പോഴും ഇങ്ങനെ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥ. ഫസല്‍ ഗഫൂര്‍ ദയവു ചെയ്ത് അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണം. ഇതിനു പുറകില്‍ നിങ്ങളെ ഇറക്കിവിടുന്നത് ആരാണെന്നും അറിയാം. അങ്ങയുടെ പ്രസ്താവന പിന്‍വലിക്കുക. കലാകാരന്റെ അഭ്യര്‍ഥനയാണ്.