ന്യൂഡൽഹി : നീണ്ട വിചാരണയ്ക്കും കോടതി നടപടികൾക്കുമൊടുവിൽ നിർഭയക്ക് ഒടുവിൽ നീതി.കുറ്റവാളികളായ മുകേഷ് സിംഗ്(32), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ് താക്കൂർ(31), എന്നിവരെ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30 തിന് തിഹാറിലെ ജയില്‍ നമ്പര്‍ മൂന്നില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയടക്കം സാന്നിധ്യത്തിലാണ് മാര്‍ച്ച് 5 ന് ഡൽഹി കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറന്റ് നടപ്പിലാക്കിയത്.
ആരാച്ചാർ പവൻ കുമാർ വധശിക്ഷ നടപ്പാക്കി. ഇത് ആദ്യമായാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ഏഴ് വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ് നിർഭയക്ക് മരണാനന്തര നീതി ലഭിച്ചത്.
നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചതോടെയാണ് ശിക്ഷ നടപ്പായത്. ഈ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാനും പ്രതികൾക്ക് സാധിച്ചിരുന്നു.അതിന്‍റെ ഭാഗമായാണ് വിവിധ കോടതികളിലായി പലതരം ഹര്‍ജികള്‍ നല്‍കിയതും, പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചതും. ഇതിൽ പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിഹമോചന ഹര്‍ജിയാണ് ഏറ്റവും ശ്രദ്ധേയം. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും പ്രതികൾക്ക് തൂക്ക് കയറിൽ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല.
മരണവാറണ്ട് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം അര്‍ദ്ധരാത്രിയില്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ക്ക് വേണ്ടിയുള്ള ഹര്‍ജി ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് ബൊപ്പണ, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.
മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ കുറ്റവാളികളുടെ അഭിഭാഷകന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതി പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അഭിഭാഷകന് എ.പി. സിംഗ് സുപ്രീം കോടതിയില്‍ വാദിച്ചുവെങ്കിലും ഈ വാദങ്ങള്‍ നേരത്തേ ഉന്നയിച്ചതല്ലേയെന്നും പുതിയതായി എന്താണ് പറയാനുള്ളതെന്നും ജസ്റ്റീസ് അശോക് ഭൂഷണ്‍ ചോദിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതില്‍ മാത്രം വാദം ഉന്നയിച്ചാല്‍ മതിയെന്ന് ജസ്റ്റീസ് ഭാനുമതിയും വ്യക്തമാക്കി. വധശിക്ഷ ഇന്നു തന്നെ നടപ്പാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ആവശ്യപ്പെട്ടിരുന്നു.
2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരപീഡനം ഡൽഹിയിൽ നടന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ പീഡനത്തിനിരയാക്കിയ ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു. തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിര്‍ഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവര്‍ഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ നടപ്പിലായത്.
കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു.