ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് ദിനത്തില്‍ അണിയാനായി തിരഞ്ഞെടുത്തത് ബംഗാളില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന ‘ലാല്‍ പാഡ്’ എന്നറിയപ്പെടുന്ന പരമ്പരാഗത സാരി. വെള്ള നിറത്തില്‍ ചുവപ്പും സ്വര്‍ണ നിറവും ബോര്‍ഡറോട് കൂടിയ സില്‍ക്കില്‍ തീര്‍ത്ത സാരിയാണിത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബംഗാളിനെ ലക്ഷ്യം വെച്ചാണ് ധനമന്ത്രിയുടെ വേഷവും വാരിക്കോരിയുള്ള പ്രഖ്യാപനങ്ങളെന്നും വിമര്‍ശനവും ഉയരുകയാണ്. ബംഗാളിലെ സ്ത്രീകള്‍ വിശേഷ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന സാരിയാണിത്. ദുര്‍ഗ പൂജയില്‍ ദുര്‍ഗയെ ആരാധിക്കുന്ന സമയമാണ് സ്ത്രീകള്‍ ഈ സാരിധരിക്കുന്നത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസുമായി ബന്ധപ്പെട്ട വിശ്വാസമാണ് ഈ സാരി ഉടുക്കുന്നതിന് പിന്നില്‍.
നവരാത്രി ദിനത്തില്‍ വിവാഹിതരായ സ്ത്രീകളാണ് ഈ സാരി ഉടുക്കുക. കൂടാതെ വിവാഹം, മറ്റ് വിശേഷാവസരങ്ങളിലും ഈ സാരി ധരിക്കാറുണ്ട്. കോട്ടണ്‍, സില്‍ക്ക്, ബനാറസ്, തുടങ്ങിയവയില്‍ ഈ സാരി ലഭ്യമാകും. ജാര്‍ഖണ്ഡിലെ സ്ത്രീകളും പ്രത്യേക അവസരങ്ങളില്‍ വിശ്വാസത്തിന്റെ ഭാഗമായി ധരിക്കാറുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പരാമര്‍ശിച്ചതും ശ്രദ്ധേയമായി.