കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വരുന്നതിന് മുന്നേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി. കൊച്ചി നിയമസഭാ മണ്ഡലത്തില്‍ വി ഫോര്‍ സ്ഥാനാര്‍ത്ഥിയായി സംഘടനയുടെ കേരള ക്യാംപെയിന്‍ കോ-ഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന്‍ മത്സരിക്കും. ഉദ്ഘാടനം വൈകുന്നുവെന്ന് ആരോപിച്ച് വൈറ്റില പാലം തുറന്നുകൊടുത്തതിന്റെ പേരില്‍ അറസ്റ്റും ജയില്‍വാസവും അനുഭവിച്ച് വിവാദ നായകനായ ആളാണ് നിപുന്‍.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വി ഫോര്‍ എന്ന പേരില്‍ കൊച്ചി കോര്‍പറേഷനില്‍ മത്സരിച്ച ആത്മവിശ്വാസമാണ് സംഘടനയെ നിയമസഭയില്‍ മാറ്റുരയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇരുപതിലേറെ ഡിവിഷനുകളില്‍ ജയപരാജയങ്ങള്‍ നിശ്ചയിച്ച സംഘടന 10 ശതമാനത്തോളം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു.
കൊച്ചിയ്ക്ക് പുറമേ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന വി ഫോര്‍ പ്രഖ്യാപിച്ചു. സമാന ചിന്താഗതികളുള്ളവരുമായി ആലോചിച്ച് കേരളത്തിലൊട്ടാകെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനും എല്ലാ ജില്ലകളിലും ഏതാനും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനും വി ഫോര്‍ തീരുമാനിച്ചിട്ടുണ്ട്.