പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 173 പേരാണുള്ളത്. ഇതിൽ 100 പേർ പ്രൈമറി കോണ്ടാക്ട് ആണ്. അതിൽ കുടുംബാംഗങ്ങളും ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമുണ്ട്. അതിൽ തന്നെ 52 പേർ ഹൈ റിസ്ക് കോണ്ടാക്ട് ആണ്. ബാക്കി 73 പേർ സെക്കൻഡറി കോണ്ടാക്ട് ആണ്.
ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു. മറ്റ് നാലുപേരുടെ പരിശോധനാഫലം തിങ്കളാഴ്ച ഉച്ചയോടെ ലഭിക്കും. പാലക്കാട് മെഡിക്കൽ കോളേജിലും മഞ്ചേരിയിലുമായി 12 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. ഇവരെ കൂടാതെ, രോഗിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്.
മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ 38-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യ ഡോസ് ആന്റിബോഡി നൽകിയതിന് ശേഷമാണ് രോഗിയെ കോഴിക്കോട്ടേക്ക് മാറ്റിയത്. രണ്ടാം ഡോസ് ആന്റിബോഡി നിലവിൽ രോഗിക്ക് നൽകുന്നുണ്
കണ്ടെയിൻമെന്റ് സോണിലെ എല്ലാ വീടുകളും പരിശോധിക്കും. ജൂൺ 1 മുതൽ മസ്തിഷ്ക മരണം സംഭവിച്ച കേസുകൾ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് വരികയാണ്. മൃഗങ്ങൾക്ക് അസ്വഭാവിക മരണം ഉണ്ടായോ എന്നും പരിശോധിക്കും. വവ്വാലുകളുടെ സാമ്പിൾ പരിശോധനയ്ക്ക് കേന്ദ്രത്തിൻ്റെ അനുമതി തേടിയതായും ആരോഗ്യമന്ത്രി വിശദീകരിച്ചു.
നിലവിൽ നിപ ആശങ്കയുടെ സാഹചര്യം സംസ്ഥാനത്തില്ല. നിപ പ്രതിരോധത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ് എടുക്കും. പാലക്കാട് മെഡിക്കൽ കോളേജിൽ 7 പേരും മലപ്പുറത്ത് 5 പേരും ആശുപത്രിയിൽ ചികിത്സയിലുണ്ട്. പനിയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരുടെയും സാമ്പിൾ അയക്കും. യുവതിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. മണ്ണാർക്കാട് ക്ലിനിക്കിൽ എത്തിയ ഇതരസംസ്ഥാനക്കാരനെ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും വീണാ ജോർജ് വിശദീകരിച്ചു.


