തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി.
രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ്അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.
അതേസമയം, കോഴിക്കോട്‌നിപ ബാധിച്ച്മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ച്‌പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. നിപ പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഇന്ന് യോഗം ചേരും.
സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രനും അറിയിച്ചു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിശദമായി പരിശോധിച്ചുവരികയാണ്. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള നാല് പേര്‍ക്ക് രോഗലക്ഷണമില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. മുന്‍പത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിക്ക് തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിന്റെയും ജനങ്ങളുടേയും പിന്തുണയോടുകൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം.