കോഴിക്കോട്: നിപ പരിശോധന ഫലങ്ങൾ കൂടുതൽ നെഗറ്റീവായതോടെ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരും. ഇന്ന് 24 സാമ്പിളുകളുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇനി മൂന്ന് സാമ്പിളുകളുടെ പരിശോധന ഫലം കൂടിയാണ് പുറത്ത് വരാനുള്ളത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 980 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇതുവരെ 352 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി.
ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോർജ്ജിൻ്റെ അധ്യക്ഷതയിൽ കോർകമ്മറ്റി യോഗം സ്ഥിതിഗതികൾ വിലയിരുത്തി.
വടകര താലൂക്കിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നേരത്തെ ഭാഗിക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും.
നിപ വൈറസ് കണ്ടെത്താനുള്ള ട്രൂനാറ്റ് പരിശോധനയ്ക്ക് ഐസിഎംആർ നേരത്തെ അനുമതി നൽകിയിരുന്നു. കോഴിക്കോട് തുടർച്ചയായി നിപ സ്ഥിരീകരിക്കുന്ന പാശ്ചാത്തലത്തിൽ സീറോ സർവൈലൻസ് പഠനം നടത്താൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്.