<p>തിരുവനന്തപുരം: സംസ്ഥാനത്തിന്ന് 9 കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കണ്ണൂര്‍-4 ആലപ്പുഴ-2 പത്തനംതിട്ട,കാസര്‍കോഡ്,തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ രോഗികള്‍ക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.നാലു പേര്‍ വിദേശത്തു നിന്ന് വന്നവരും 2 പേര്‍ നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവരുമാണ്. രോഗം ബാധിച്ചവരില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ മൂന്നു പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
ഇന്ന് 13 കേസുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ആകെ 345 പേർക്കാണു രോഗം, 259 പേർ ചികിത്സയിലുണ്ട്. 169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരാണ് കേരളത്തിലുള്ളത്. ഇതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിന് കാസർകോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 കിറ്റ് ഐസിഎംആർ വഴി നാളെ ലഭിക്കും. കാസർകോട് അതിർത്തിയിൽ സജീവമായി ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ട്. കോവിഡ‍് സർട്ടിഫിക്കറ്റ് കിട്ടാൻ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടത്.
അമേരിക്കയിൽ ഉൾപ്പെടെ നിരവധി മലയാളികൾ കോവിഡ് ബാധിച്ചു മരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് ബാധിത രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ അഞ്ച് കോവിഡ് ഹെൽപ് ഡസ്ക്കുകൾ ആരംഭിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭിക്കും. കേരളത്തിലുള്ള ഡോക്ടർമാരുമായി വിഡിയോ, ഓഡിയോ കോളുകൾ നടത്താം.– മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 5000 കടന്നു. പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 773 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 32 പേർക്കു ജീവൻ നഷ്ടമായെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ പറഞ്ഞു. ഇന്നലെ മാത്രം 13,345 സാംപിൾ പരിശോധിച്ചു.