അഹമ്മദാബാദ്: ഗുജറാത്തില്‍ വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒന്‍പതുപേര്‍ മരിച്ചു. നാല് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയില്‍ ജൂലൈ 20നാണ് സംഭവം നടന്നത്. മരിച്ചവര്‍ എല്ലാം മധ്യപ്രദേശ് സ്വദേശികളാണ്.
രാംപാരി അഹിര്‍വാര്‍(56), രാജുഭായി(31), സോനു(21), സീമ(25), സര്‍ജു(22), വൈശാലി(7), നിതേ്(6), പായല്‍(4), ആകാശ്(2) എന്നിവരാണ് മരിച്ചത്. എല്ലാവരും മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ഗുജറാത്തിലേക്ക് ജോലിക്ക് എത്തിയവരാണ്. എല്ലാവരുടെയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഒമ്പത് അംഗങ്ങളാണ് കുടുംബത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ചികിത്സയിലിരിക്കെ ഇവര്‍ മരിച്ചത്. ഒരാള്‍ ഇന്നും മരിച്ചു.
”ചെറിയ റൂമിനുള്ളിലാണ് ഇവര്‍ താമസിക്കുന്നത്. ജൂലൈ 20ന് രാത്രി ഇവര്‍ ഉറങ്ങുന്ന സമയം ഗ്യാസ് ചോര്‍ന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം അറിയിക്കാന്‍ വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ഉറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു”-പോലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ജദേജ പറഞ്ഞു. വിവരം അറിയിക്കാനെത്തിയ അയല്‍വാസിക്കും പരിക്കേറ്റു.