മലപ്പുറം: മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ തോൽപിച്ച് 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും പ്രതികരച്ച് ഷൗക്കത്ത്.
‘ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം യുഡിഎഫിലെ ശക്തികേന്ദ്രങ്ങളായ ഈ മൂന്ന് പഞ്ചായത്തുകളും നഷ്ടപ്പെട്ടതിനി ശേഷം എന്റെ പിതാവിന് 2011 ൽ ലഭിച്ച ഭൂരിപക്ഷം 6000ത്തിനടുത്ത് വോട്ട് മാത്രമാണ്. അതിന് ശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങൾ പ്രതീക്ഷിച്ച ഒരു ഭൂരിപക്ഷത്തിൽ, പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുകയാണ്. ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണ്. ഇത് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ആളുകളുടെയും ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തതാണ്. മാത്രമല്ല, 9 വർഷം നിലമ്പൂരേറ്റ അവഗണനക്കെതിരെയുള്ള കൃത്യമായ പ്രതിഷേധവും പ്രതികരണവും കൂടിയാണിത്. എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ ആളുകൾക്കും ഇതിന് നേതൃത്വം നൽകിയ യുഡിഎഫ് നേതാക്കൾക്കും താഴേത്തട്ടിലുളള പ്രവർത്തകർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണ്.’ ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണമിങ്ങനെ.
മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.


