കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി നിഖിത ജോബി സത്യപ്രതിജ്ഞ ചെയ്തു. പറവൂർ വടക്കേക്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മെബർ ആയാണ് നിഖിത വിജയിച്ചത്.
തന്റെ അച്ഛനിരുന്ന അതേ സ്ഥാനത്തേക്കാണ് മുറവൻതുരുത്തിൽ നിന്നും നിഖിത വിജയിച്ചു കയറിയത്. കോൺഗ്രസ് അംഗമായാണ് നിഖിത സ്ഥാനമേറ്റത്. ജേർണലിസം ബിരുദധാരിയാണ് ഇരുപത്തൊന്നുകാരിയായ നിഖിത.
ഇതേ വാർഡിലെ മെബർ ആയിരുന്നു നിഖിതയുടെ പിതാവ് ജോബി. വാഹനാപകടത്തിൽ ജോബി മരിച്ചതിനെ തുടർന്നാണ് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നതും മകളായ നിഖിത ജോബി വിജയിച്ച് കയരിയതും.
ഇക്കഴിഞ്ഞ മേയ് അഞ്ചിനാണ് ജോബി മരിച്ചത്. തുടർന്നാണ് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വീട്ടുകാരും പാർട്ടിപ്രവർത്തകരും നിർബന്ധിച്ചതോടുകൂടിയാണ് മത്സര രംഗത്തേക്കിറങ്ങിയതെന്ന് നിഖിത പറയുന്നു.
മുൻപ് ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന വാർഡ് അച്ഛനിലൂടെയാണ് കോൺഗ്രസ് പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ വാർഡിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ പാർട്ടിയും അച്ഛനും ശ്രമിച്ചിരുന്നെന്നും നിഖിത പറയുന്നു. ഇതേകാരണത്താലാണ് അച്ഛനേക്കാൾ ഭൂരിപക്ഷം നേടി വിജയിക്കാനായതെന്ന് നിഖിത ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. അച്ഛനെ സഹായിച്ചിരുന്നതിനാൽ കുറച്ചു കാര്യങ്ങളൊക്കെ അറിയാം. അച്ഛൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന ആഗ്രഹമുണ്ട്. ഞാനൊരു ജേണലിസം ബിരുദധാരിയാണ്. മാധ്യമ പ്രവർത്തനമാണ് ഇഷ്ടം. രണ്ടര വർഷത്തിനുശേഷം മാധ്യമ രംഗത്തേക്ക് മടങ്ങിപ്പോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും നിഖിത ജോബി പറയുന്നു.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ വാർഡ് പിടിച്ചെടുത്തത് കോൺഗ്രസ് നേതാവായ ജോബിയായിരുന്നു. പിതാവായ ജോബിക്ക് 157 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചരുന്നത്. മകൾ നിഖിത അത് ് 228 വോട്ടുകളാക്കി ഉയർത്തുകയായിരുന്നു.