കോട്ടയം: നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നൽകിയെന്ന് പൊലീസ്. നിഖിലിന്റെ സുഹൃത്ത് അബിൻ സി. രാജ് സർട്ടിഫിക്കറ്റുകൾക്കായി 2 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പൊലീസ് പറയുന്നു. നിഖിലിന്റെ സുഹൃത്ത് അബിൻ സി രാജ് കേസിലെ രണ്ടാം പ്രതിയാക്കി പ്രതി ചേർത്തുവെന്നും പൊലീസ് അറിയിച്ചു.
അബിൻ സി. രാജിന്‍റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് നിഖിൽ തോമസ് പണം നൽകിയതെന്ന് പൊലീസ് പറയുന്നു. അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ നൽകി. കായംകുളം ഫെഡറൽ ബാങ്കിലെ അക്കൗണ്ട് വഴി പണം കൈമാറിയെന്നും പൊലീസ് പറയുന്നു.
ബി.കോം ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, മൈഗ്രേഷൻ, കലിംഗയിലെ ടിസി എന്നിവ നിഖിൽ കരസ്ഥമാക്കി. എറണാകുളത്തെ ഒറിയോൺ സ്ഥാപനം വഴിയാണ് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. ഒളിവിൽ പോകുന്നതിന് മുന്‍പ് നിഖിൽ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറയുന്നു. കായംകുളം പാർക്ക് ജംഗ്ഷന് സമീപമുള്ള കരിപ്പുഴ തോട്ടിൽ ഫോൺ എറിഞ്ഞത്. പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
എസ് എഫ് ഐ നേതാവായിരുന്ന നിഖിൽ എം തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ എസ് എഫ് ഐ കായംകുളം ഏരിയ കമ്മറ്റിയുടെ മുൻ പ്രസിഡന്റ് അബിൻ സി രാജിനെയും പൊലീസ് പ്രതി ചേർത്തു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് മുങ്ങിയ നിഖിൽ തോമസിനെ ഇന്ന് പുലർച്ചെയാണ് കോട്ടയം സ്റ്റാൻഡിൽ വച്ച് കെ എസ് ആർ ടി സി ബസിൽ നിന്ന് പൊലീസ് പൊക്കിയത്.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജിനെതിരെ നിഖിൽ മൊഴി നൽകിയത്. അബിൻ കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെയും കേസില്‍ പ്രതി ചേര്‍ത്തത്.