31.1 C
Kottayam
Wednesday, May 15, 2024

29 മുതൽ പാതിരാത്രിയിൽ തെരുവിൽ സ്ത്രീകൾ ഒറ്റയ്ക്ക് നടക്കും, തോണ്ടാൻ നോക്കിയാൽ പണി പിന്നാലെ

Must read

 

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വളരെയേറെ സ്‌നേഹവും ആദരവും നല്‍കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. നമ്മുടെ വിദ്യാഭ്യാസത്തിലും സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, നവോത്ഥാന രംഗങ്ങളിലും കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങളാണ് സ്ത്രീകള്‍ക്ക് വലിയൊരു പദവിയില്‍ എത്താന്‍ സാധിച്ചത്. കാലമിത്ര മുന്നോട്ടു പോയിട്ടും സ്ത്രീകള്‍ പല മേഖലയിലും വിവേചനം നേരിടുന്നുവെന്ന യാഥാര്‍ത്ഥ്യം നമ്മള്‍കാണാതെ പോകരുത്. ഇത്തരത്തിലുള്ള വിവേചനം ശക്തമായി നേരിടാനും സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീധനം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവയെ പ്രതിരോധിക്കാനുമാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’ എന്ന തുടര്‍കാമ്പയിന്‍ സംഘടിപ്പിച്ചത്.

സധൈര്യം മുന്നോട്ട് പരിപാടിയുടെ അടിസ്ഥാനത്തില്‍ വനിതാ ശാക്തീകരണത്തിനുളള നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് 2019 ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ നൈറ്റ് വാക്ക് (Night Walk) അഥവാ രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതുയിടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. ചിലരെങ്കിലും, സമൂഹത്തിലെ വളരെ ഒരു നൂനപക്ഷമെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പോലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുന്നതാണ്.

2016 മുതലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പില്‍ നിര്‍ഭയസെല്ലിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളില്‍ നിര്‍ഭയദിനം ആചരിച്ചുവരുന്നത്. 2014 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് ഡിസംബര്‍ 29-ാം തീയതി മരണപ്പെട്ടതിന് ശേഷമാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 29 നിര്‍ഭയദിനമായി ആചരിച്ചു വരുന്നത്. ജില്ലാ കേന്ദ്രങ്ങളില്‍ നിര്‍ഭയ ദിനത്തോടനുബന്ധിച്ച് മീറ്റിംഗ് സംഘടിപ്പിക്കുകയും ഓരോ ജില്ലയിലെയും ഹോമുകളില്‍ താമസിക്കുന്നവരുടെ കലാപരിപാടികള്‍ അതത് ജില്ലകളില്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

ഈ വര്‍ഷത്തെ നിര്‍ഭയാ ദിനത്തോടനുബന്ധിച്ചാണ് ഡിസംബര്‍ മാസം 29-ാം തീയതി രാത്രി 11 മുതല്‍ 01 വരെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 പട്ടണങ്ങളില്‍ ‘പൊതുയിടം എന്റേതും’ എന്ന പേരില്‍ നൈറ്റ് വാക്ക് സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിനായി ഓരോ കേന്ദ്രങ്ങളിലും 25 വോളന്റിയര്‍മാരെ തയ്യാറാക്കിയിട്ടുണ്ട്. ഈ പരിപാടിയുടെ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ചെയര്‍മാനായും ബന്ധപ്പെട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍/ ജനപ്രതിനിധി രക്ഷാധികാരിയായും കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ജനമൈത്രി പോലീസ്, റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടും. ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമായിട്ടാണ് നൈറ്റ് വാക്കില്‍ പങ്കെടുക്കുന്നത്. വനിതകള്‍ക്ക് കൈയെത്തും ദൂരത്ത് സഹായം കിട്ടും എന്ന ഉറപ്പുവരുത്താന്‍ 200മീറ്റര്‍ അകലത്തില്‍ വോളന്റിയര്‍മാരെ വിന്യസിക്കുന്നതാണ്.

ഓരോ കേന്ദ്രങ്ങളിലും കുറഞ്ഞത് 100 വോളന്റിയര്‍മാരുടെ പട്ടികയാണ് തയാറാക്കുന്നത്. വകുപ്പിലെ വനിതാ ജീവനക്കാരും വിവിധ വനിതാ സംഘടന പ്രതിനിധികളും ഉള്‍പ്പെടുന്ന പട്ടികയില്‍ നിന്നും നൈറ്റ് വാക്കിന് തയ്യാറാകുന്ന 25 പേരെ പ്രത്യേകം സജ്ജമാക്കുന്നതാണ്. നൈറ്റ് വാക്ക് നടത്തുന്നതിനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ജനമൈത്രി പോലീസിന്റെ സഹായത്തോടുകൂടി ക്രൈം സീന്‍ മാപ്പിംഗ് നടത്തും. ഈ സ്ഥലങ്ങളില്‍ ആവശ്യമായ സ്ട്രീറ്റ് ലൈറ്റും സാധ്യമായിടത്ത് സി.സി.ടി.വി. സംവിധാനവും ഉറപ്പുവരുത്തും. സംഘാംഗങ്ങള്‍ക്കെതിരെ മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടികളെടുക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജ ടീച്ചുടെ നേതൃത്വത്തില്‍ വനിത സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നിരുന്നു. ഓരോ സംഘടനയ്ക്കും ഓരോ നോഡല്‍ ഓഫീസര്‍മാരുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനായി പ്രത്യേക അയല്‍ക്കൂട്ടം രൂപീകരിച്ച് സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ അവരെ ബോധ്യപ്പെടുത്തും. ഡിസംബര്‍ 29ന് നടക്കുന്ന നൈറ്റ് വാക്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വനിതാദിനമായ മാര്‍ച്ച് 8 വരെ തുടരുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week