CrimeNationalNews

നിക്കി യാദവ് കൊലപാതകം: ആസൂത്രണത്തിന് കാമുകൻ്റെ പിതാവ് സഹായിച്ചു, അറസ്റ്റിൽ

ന്യൂഡൽഹി: റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം, കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതിന് കാമുകന്റെ പിതാവ്  അറസ്റ്റിലായി. നിക്കി യാദവ് കൊലപാതക കേസിലാണ് കാമുകൻ സഹിൽ ​ഗെലോട്ടിന്റെ പിതാവ് അറസ്റ്റിലായിരിക്കുന്നത്. സഹിൽ കൊലപാതകം ആസൂത്രണം ചെയ്തത് പിതാവിന്റെ സഹായത്തോടെയാണ് എന്ന് പൊലീസ് പറഞ്ഞു. 

ഫെബ്രുവരി 14നാണ് നിക്കിയുടെ മൃതദേഹം റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. സഹിലിന്റെ ലിവിങ് ടു​ഗെതർ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. അതിലൊരാൾ സഹിൽ ​ഗെലോട്ടിന്റെ പിതാവാണ്. പൊലീസ് കമ്മീഷണർ രവീന്ദർ യാദവ് പറഞ്ഞു. 

അതിനിടെ കേസിൽ മറ്റൊരു പ്രധാന വിവരം കൂടി പുറത്തുവന്നു. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി പൊലീസ്  അറിയിച്ചു. സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അം​ഗീകരിച്ചില്ല. അവർ സഹിലിനെ വേറൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. പങ്കാളിയുടെ വിവാഹം വേറൊരു പെൺകുട്ടിയുമായി നിശ്ചയിച്ചത് നിക്കി അറിഞ്ഞിരുന്നില്ല. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. 

നിക്കിയെ സഹിൽ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോ‌ടെ പ്രശ്നങ്ങളുണ്ടായി.

തുടർന്നായിരുന്നു കൊലപാതകം. കൃത്യം നടന്ന ദിവസം  നിക്കി യാദവ്  വാടകവീട്ടിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 9ലെ ഈ വീഡിയോയിൽ നിക്കി തനിച്ചാണ് ഉള്ളത്. അതിന് മണിക്കൂറുകൾക്കു ശേഷമാണ് നിക്കി കൊല്ലപ്പെട്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button