കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമായതിനാല്‍ രാജ്യദ്രാഹക്കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് എന്‍ഐഎ വാദിച്ചു. കേസ് ഡയറിയും വസ്തുതാ റിപ്പോര്‍ട്ടും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തതെന്ന പ്രതിഭാഗത്തിന്റെ വാദം എന്‍.ഐ.എക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തള്ളി.
കേസന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ പോകാന്‍ അന്വേഷണസംഘം കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി തേടി. കേസിലെ മുഖ്യകണ്ണിയായ ഫൈസല്‍ ഫരീദ്,റിബിന്‍സണ്‍ എന്നിവരെ ചോദ്യ ചെയ്യുന്നതിനായാണ് നീക്കം. പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ യു.എ.ഇ അറ്റാഷയില്‍ നിന്ന് മൊഴിയെടുക്കാനും എന്‍.ഐ.എ നീക്കം നടത്തുന്നുണ്ട്.
അതേസമയം നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഷറഫുദീന്‍, ഷഫീക്ക് എന്നിവരാണ് പിടിയിലായത്. കേസിലെ പ്രതിയായ റമീസിന്റെ സഹായികളാണ് ഇവര്‍. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരത്തു നിന്നും സ്വര്‍ണം കൈപ്പറ്റിയതിന് ശേഷം ആവശ്യക്കാര്‍ക്ക് കൈമാറുന്നത് ഇവരാണെന്നാണ് സൂചന.