തിരൂർ: മലപ്പുറത്ത് വിവധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ.) പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടന്നത്. വേങ്ങര സ്വദേശി ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഒരേ സമയത്ത് നാലു പേരുടെ വീടുകളിലും എൻ.ഐ.എ. സംഘം പരിശോധന നടത്തി.
സാമ്പത്തിക സ്‌ത്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടന്നത്. മലപ്പുറത്തോടൊപ്പം മറ്റു സ്ഥലങ്ങളിലും പരിശോധന നടന്നേക്കുമെന്നാണ് വിവരം.
സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി.എഫ്.ഐ. കേന്ദ്രങ്ങളിൽ എൻ.ഐ.എ. പരിശോധന നടത്തി വരികയായിരുന്നു. അതിൻ്റെ തുടർച്ചയാണ് ജില്ലയിൽ നടന്ന പരിശോധനയും. നേരത്തെ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി, മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡ് റിസോർട്ട്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ്, വള്ളുവനാട് ഹൗസ് തുടങ്ങിയവ പി.എഫ്.ഐയുടെ പരിശീലനകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു എന്ന കണ്ടെത്തിയതിനെ തുടർന്ന് എൻ.ഐ.എ. കണ്ടുകെട്ടിയിരുന്നു.
കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം ഇതുവരെ 200-ലധികം പേരാണ് രാജ്യവ്യാപകമായി എൻ.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.