KeralaNews

വീണക്കെതിരായ മാസപ്പടി വിവാദം: ‘കണ്ടെത്തലുകൾ ഗുരുതരം’; അന്വേഷിക്കുമെന്ന് ഗവർണർ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘കണ്ടെത്തലുകൾ ഗുരുതരമെന്ന് മാധ്യമങ്ങളിൽകൂടി മനസ്സിലാക്കുന്നു. പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. ഇത് ​ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് പിന്നീട് തീരുമാനിക്കും’ – ഗവർണർ പറഞ്ഞു.

അതേസമയം, വീണയ്ക്കെതിരേ ഉയർന്ന മാസപ്പടി ആരോപണത്തിൽ ന്യായീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. രണ്ട് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, ഏത് സേവനത്തിനാണ്‌ പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന്‌ അദ്ദേഹം മറുപടി നൽകിയില്ല. സേവനം എന്താണെന്ന്‌ കമ്പനിയാണ്‌ പറയേണ്ടതെന്നും അദ്ദേഹം തുടർന്നു.

രണ്ടു കമ്പനികൾ തമ്മിലുള്ള സത്യസന്ധമായ കരാറാണ്‌. അതുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങൾ നടത്താൻ അവർക്ക്‌ അവകാശമുണ്ട്‌. പ്രതിഫലവും വാങ്ങാം. സേവനം ലഭിച്ചെന്ന്‌ കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്‌. ആദായനികുതി സംബന്ധമായ കാര്യങ്ങളും പാലിച്ചിട്ടുണ്ട്‌. എന്നിട്ടും ഇതിനെ പർവതീകരിച്ച്‌ മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുകയാണ്. ഇത്‌ കണക്കിൽപ്പെട്ട പണം തന്നെയാണ്‌. -എം.വി. ഗോവിന്ദൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button