കൊല്‍ക്കത്ത: ഈസ്റ്റ് മേദിനിപുര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പശ്ചിമബംഗാള്‍ പോലീസ്.
2022 ഡിസംബര്‍ മൂന്നിന് നടന്ന സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ജന, ബാലൈ മൈതി എന്നീ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ശനിയാഴ്ച എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജനയുടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ശനിയാഴ്ച സ്‌ഫോടനക്കേസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ എന്‍.ഐ.എ. സംഘത്തിനും വാഹനത്തിനും നേര്‍ക്ക് ഭൂപതിനഗറില്‍വെച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ആക്രമണം നടത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ലൈംഗികാതിക്രമം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നത്. രാത്രിവൈകി, എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കടന്നുവെന്നും സ്ത്രീകളെ ഉപദ്രവിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേസമയം, തങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ എന്‍.ഐ.എയും ഭൂപതിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.