ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് പിന്നാലെ അടുത്തകൊല്ലം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയപ്രതീക്ഷയുമായി ബിജെപി.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട്, ബിഹാറിലെ ഫലം പുറത്തെത്തിയതിന് പിന്നാലെ രണ്ടുവാക്ക് അടങ്ങിയ രാഷ്ട്രീയസന്ദേശം ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. അടുത്തത് പശ്ചിമ ബെംഗാള്‍ എന്നായിരുന്നു ആ കുറിപ്പ്. എന്നാല്‍ ബിജെപിക്ക് ചുട്ടമറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സ്വപ്‌നം കാണുന്നത് നല്ല കാര്യമാണ് എന്നായിരുന്നു ടിഎംസിയുടെ മറുപടി.
ബിജെപിയുടെ സ്വപ്‌നം നടക്കാന്‍ പോകുന്നില്ലെന്ന് ടിഎംസിയുടെ മുതിര്‍ന്ന നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു. അടുത്തകൊല്ലം പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്ന് ഘോഷ് പറഞ്ഞു. എന്നാല്‍, തന്റെ അഭ്യര്‍ഥന ലളിതമാണ്. ബംഗാളിനെയും ബിഹാറിനെയും താരതമ്യം ചെയ്യരുത്.
ബിഹാറിലെ ബിജെപിയുടെ വിജയത്തിന് ബംഗാളില്‍ യാതൊരു സ്വാധീനവുമുണ്ടാക്കാനാകില്ല. ബംഗാള്‍ വേറൊരു നാടാണ്. എസ്‌ഐആറോ മറ്റെന്തെങ്കിലുമോ കൊണ്ടുവരൂ, അതൊന്നും വിലപ്പോകില്ല. നിങ്ങള്‍ ബംഗാളിനെതിരേ ഗൂഢാലോചന നടത്തിയേക്കാം. എന്നാല്‍ മമത നിങ്ങള്‍ക്ക് ഉത്തരം നല്‍കും, ഘോഷ് കൂട്ടിച്ചേര്‍ത്തു.


