സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ ജയം നേടി സെമി പ്രതീക്ഷ വർദ്ധിപ്പിച്ച് ന്യൂസിലൻഡ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 65 റൺസിന്റെ തകർപ്പൻ ജയാണ് ന്യൂസിലൻഡ് നേടിയത്. ന്യൂസീലൻഡ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19.2 ഓവറിൽ 102 റൺസിന് ഓൾ ഔട്ടായി. സൂപ്പർ 12-ൽ ന്യൂസീലൻഡിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. രണ്ടാം മത്സരം മഴ അപഹരിച്ചിരുന്നു. സെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്സാണ് ന്യൂസീലൻഡിന്റെ വിജയശിൽപ്പി. ആദ്യ മത്സരത്തിൽ കിവീസ് ഓസ്ട്രേലിയയെ കീഴടക്കിയിരുന്നു.
ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്സിന്റെ (104) സെഞ്ചുറി കരുത്തിലാണ് 167 റൺസ് നേടിയത്. നാല് വിക്കറ്റ് നേടിയ ട്രന്റ് ബോൾട്ടാണ് ശ്രീലങ്കയെ തകർത്തത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ കിവീസിന് അഞ്ച് പോയിന്റായി. രണ്ട് തോൽവിയും ഒരു ജയവുമുള്ള ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തോൽവിയോടെ ലങ്കയുടെ സെമി പ്രതീക്ഷകളും തുലാസിലായി.
168 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. ഒന്നാം ഓവറിൽ തന്നെ നിസ്സങ്കയെ വിക്കറ്റിന് മുന്നിൽ കടുക്കി ടിം സൗത്തിയാണ് തകർച്ചയ്ക്ക് തുടമിട്ടത്. തൊട്ടടുത്ത ഓവറിൽ ബോൾട്ട് വിക്കറ്റുകളും നേടി. കുശാലിനെ വിക്കറ്റ് കീപ്പർ ഡെവോൺ കോൺവെയുടെ കൈകളിലെത്തിച്ച ബോൾട്ട് ധനഞ്ജയയെ ബൗൾഡാക്കി. 3.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ എട്ട് എന്ന പരിതാപകരമായ നിലയിലായിരുുന്നു ശ്രീലങ്ക. പതും നിസ്സങ്ക (0), കുശാൽ മെൻഡിസ് (4), ധനഞ്ജയ ഡി സിൽവ (0), ചരിത് അസലങ്ക (4), എന്നിവരാണ് മടങ്ങിയിരുന്നത്. ഏഴാം ഓവറിൽ ചാമിക കരുണാരത്നെയും (3) വീണതോടെ അഞ്ചിന് 24 എന്ന നിലയിലായി ലങ്ക.
35 റൺസെടുത്ത നായകൻ ഡാസൺ ശനകയും 34 റൺസ് നേടിയ ഭനുക രജപക്സയും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. വാനിന്ദു ഹസരംഗ (4), മഹീഷ് തീക്ഷണ (0), ലഹിരു കുമാര (4) എന്നിവർ നിരാശപ്പെടുത്തി. എട്ടുറൺസെടുത്ത കസുൻ രജിത പുറത്താവാതെ നിന്നു.
ബാറ്റിങ്ങിനിടെ ഒരിക്കൽപ്പോലും പ്രതീക്ഷ നിലനിർത്താൻ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. കിവീസിനായി ട്രെന്റ് ബോൾട്ട് നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ടുനൽകി നാലുവിക്കറ്റെടുത്തു. മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ലോക്കി ഫെർഗൂസനും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. തുടക്കത്തിൽ 15 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് കിവികളുടെ തിരിച്ചുവരവ്. ഫിലിപ്‌സ് 64 പന്തിൽ 104 റൺസ് നേടി. 22 റൺസെടുത്ത ഡാരിൽ മിച്ചലാണ് രണ്ടാമത്തെ ഉയർന്ന സ്‌കോറുകാരൻ. ലങ്കയ്ക്കായി രജിത രണ്ടും തീഷ്ണയും ഡിസിൽവയും ഹസരങ്കയും കുമാരയും ഓരോ വിക്കറ്റ് നേടി.
നിർണായക ജയം വേണ്ട മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ ന്യൂസിലൻഡിന് പ്രഹരം നൽകിയാണ് ലങ്ക തുടങ്ങിയത്. ഇന്നിങ്‌സിലെ നാലാം പന്തിൽ മഹീഷ് തീഷ്ണ, ഫിൻ അലനെ(3 പന്തിൽ 1) ബൗൾഡാക്കി. ഒരോവറിന്റെ ഇടവേളയിൽ സഹഓപ്പണർ ദേവോൺ കോൺവേയെയും(4 പന്തിൽ 1) ലങ്ക വീഴ്‌ത്തി. ധനഞ്ജയ ഡിസിൽവയ്ക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ നായകൻ കെയ്ൻ വില്യംസണും(13 പന്തിൽ 8) വീണു. കാസുൻ രജിതയാണ് ക്യാപ്റ്റനെ മടക്കിയത്. ഇതോടെ 3.6 ഓവറിൽ മൂന്ന് വിക്കറ്റിന് 15 റൺസ് എന്ന നിലയിൽ കിവികൾ പരുങ്ങി.
പിന്നീടങ്ങോട്ട് ഗ്ലെൻ ഫിലിപ്‌സും ഡാരിൽ മിച്ചലുമാണ് ന്യൂസിലൻഡിനെ കരകയറ്റാൻ ശ്രമിച്ചത്. 10 ഓവറിൽ ന്യൂസിലൻഡ് സ്‌കോർ-54/3. വനിന്ദു ഹസരങ്ക, മിച്ചലിനെ(24 പന്തിൽ 22) പുറത്താക്കുമ്പോൾ കിവീസ് 99ലെത്തി. ഫിലിപ്‌സ് 61 സെഞ്ചുറി തികച്ചതോടെ ന്യൂസിലൻഡ് സ്‌കോർ 150 കടന്നു. ഇതിനിടെ ജയിംസ് നീഷാം 8 പന്തിൽ 8 റൺസെടുത്ത് പുറത്തായതൊന്നും ടീമിനെ ബാധിച്ചില്ല. ഫിലിപ്‌സ് 64 പന്തിൽ 104 റൺസുമായി 20-ാം ഓവറിലെ നാലാം പന്തിൽ പുറത്തായി. അടുത്ത പന്തിൽ ഇഷ് സോഥി(1 പന്തിൽ 1) റണ്ണൗട്ടായി. ഇന്നിങ്‌സ് പൂർത്തിയാകുമ്പോൾ ടിം സൗത്തിയും(1 പന്തിൽ 4*), മിച്ചൽ സാന്റ്‌നറും(5 പന്തിൽ 11*) പുറത്താകാതെനിന്നു.