24.6 C
Kottayam
Monday, June 8, 2026

ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട് ന്യൂസിലാന്‍ഡ്,ആദ്യ ടി 20 യില്‍ 21 റണ്‍സ് തോല്‍വി

Must read

റാഞ്ചി: പരമ്പരയില്‍ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസീലന്‍ഡ്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് മുന്നിലെത്തി (1-0).

28 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പൊരുതി നോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. സുന്ദറാണ് ഇന്ത്യന്‍നിരയിലെ ടോപ് സ്‌കോറര്‍.

ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും അടക്കമുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയെ സ്പിന്നര്‍മാരുടെ മികവില്‍ കിവീസ് പിടിച്ചുകെട്ടുകയായിരുന്നു. സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചില്‍ നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് കിവീസിനായി തിളങ്ങിയത്. സൂര്യകുമാര്‍ ക്രീസിലുള്ളപ്പോള്‍ ഒരു ഓവര്‍ മെയ്ഡനാക്കാനും സാന്റ്‌നര്‍ക്കായി. മൈക്കല്‍ ബ്രെയ്‌സ്‌വെല്ലും ലോക്കി ഫെര്‍ഗൂസനും രണ്ട് വിക്കറ്റെടുത്തു.

177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ഞെട്ടിച്ചാണ് ന്യൂസീലന്‍ഡ് ബൗളിങ് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ (4) മടക്കി ബ്രെയ്‌സ്‌വെല്‍ ആദ്യ വെടിപൊട്ടിച്ചു. മൂന്നാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെ (0) ജേക്കബ് ഡുഫി പുറത്താക്കി. നാലാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ (7) സാന്റ്‌നറും പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് 15 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി.

- Advertisement -

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – ഹാര്‍ദിക് പാണ്ഡ്യ സഖ്യം പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണ മനസിലാക്കി ശ്രദ്ധയോടെ ബാറ്റ് വീശി. 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച ഘട്ടത്തില്‍ 12-ാം ഓവറില്‍ ഇഷ് സോദി സൂര്യകുമാര്‍ യാദവിനെ മടക്കി. 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്താണ് സൂര്യ പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്, ബ്രെയ്‌സ്‌വെല്ലിന് മുന്നില്‍ വീണതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. 20 പന്തില്‍ നിന്ന് 21 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

- Advertisement -

ദീപക് ഹൂഡയും (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ശിവം മാവി (2), കുല്‍ദീപ് യാദവ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് അര്‍ധ സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയുടെയും ഡാരില്‍ മിച്ചലിന്റെയും ഇന്നിങ്‌സുകളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു.

30 പന്തില്‍ നിന്ന് അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്ന ഡാരില്‍ മിച്ചലാണ് കിവീസ് സ്‌കോര്‍ 176-ല്‍ എത്തിച്ചത്. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ മിച്ചല്‍ ക്രീസില്‍ നില്‍ക്കേ 27 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. 35 പന്തുകള്‍ നേരിട്ട കോണ്‍വെ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 52 റണ്‍സെടുത്ത് പുറത്തായി.

- Advertisement -

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഡെവോണ്‍ കോണ്‍വെയെ കാഴ്ചക്കാരനാക്കി ഫിന്‍ അലന്‍ തകര്‍ത്തടിച്ച് തുടങ്ങിയതോടെ കിവീസ് സ്‌കോര്‍ കുതിച്ചു. എന്നാല്‍ 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 35 റണ്‍സെടുത്ത അലനെ അഞ്ചാം ഓവറില്‍ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പിന്നാലെ അതേ ഓവറില്‍ മാര്‍ച്ച് ചാപ്മാനെ (0) വട്ടംകറക്കി അവസാന പന്തില്‍ കിടിലനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ സുന്ദര്‍ പുറത്താക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് കോണ്‍വെ 60 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. 22 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 17 റണ്‍സെടുത്ത ഫിലിപ്‌സിനെ കുല്‍ദീപ് യാദവ് പുറത്താക്കി. 18-ാം ഓവറില്‍ കോണ്‍വെയെ പുറത്താക്കി അര്‍ഷ്ദീപ് കിവീസിന്റെ സ്‌കോറിങ് വേഗം കുറച്ചു. അതേ ഓവറിലെ അഞ്ചാം പന്തില്‍ മികച്ചൊരു ത്രോയിലൂടെ മൈക്കല്‍ ബ്രെയ്‌സ്‌വെല്ലിനെ (1) മടക്കി ഇഷാന്‍ കിഷനും സ്‌കോറിങ്ങിന് തടയിട്ടു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് (7) പുറത്തായ മറ്റൊരു താരം.

ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week