ഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകയസ്തയെ അറസ്റ്റ് ചെയ്തു. യുഎപിഎ കുറ്റം ചുമത്തിയാണ് മുതിർന്ന മാധ്യമപ്രവർത്തകനെതിരായ നടപടി. ന്യൂസ്‌ക്ലിക്കിന്റെ ഓഫീസ് റെയ്ഡ് നടത്തി സീല്‍ചെയ്തതിന് പിന്നാലെയാണ് പ്രബീർ പുർകയസ്തയുടെ അറസ്റ്റ്. ന്യൂസ് പോർട്ടലിന്റെ എച്ച്ആർ മേധാവി അമിത് ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ന്യൂസ് പോർട്ടലിന് ചൈനീസ് പ്രചരണത്തെ പ്രോത്സാഹിപ്പിക്കുന്ന നെറ്റ്‌വർക്കിൽ നിന്ന് ധനസഹായം ലഭിച്ചുവെന്ന് ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹി പൊലീസിന്റെ പരിശോധനയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂസ്‌ക്ലിക്ക് ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്ന് ഏകദേശം 38 കോടി രൂപ ലഭിച്ചതായും വെബ്‌സൈറ്റിലൂടെ ചൈന അനുകൂല കണ്ടന്റുകള്‍ സൃഷ്ടിക്കാന്‍ ഫണ്ട് ഉപയോഗിച്ചെന്നും ഡൽഹി പോലീസ് അവകാശപ്പെടുന്നു.
“സംശയിക്കപ്പെടുന്ന 37 പുരുഷന്മാരെയും 9 സ്ത്രീകളേയും ഇന്ന് ചോദ്യം ചെയ്തു. പോർട്ടലുമായും അതിന്റെ മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ട മുപ്പതോളം സ്ഥലങ്ങളിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഇന്ന് തിരച്ചിൽ നടത്തി. മാധ്യമപ്രവർത്തകരായ ഊർമിലേഷ്, ഔനിന്ദ്യോ ചക്രവർത്തി, അഭിസാർ ശർമ്മ, പരഞ്ജോയ് ഗുഹ താകുർത്ത, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരും ചോദ്യം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.” – ഡല്‍ഹി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി
കയറ്റുമതി സേവനങ്ങളുടെ ഫീസായി 29 കോടിയും ഓഹരി വില വർധിപ്പിച്ച് 9 കോടി എഫ്ഡിഐയും ലഭിച്ചുവെന്നും പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു. ടീസ്റ്റ സെതൽവാദ്, ഗൗതം നവൽഖ എന്നിവരുമായും ഫണ്ട് പങ്കിട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം റെയ്ഡിന്റെയും അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ വലിയ വിമർശനമാണ് കേന്ദ്ര സർക്കാറിനെതിരെ ഉയരുന്നത്.
കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും, “മാധ്യമ സ്വാതന്ത്രത്തെ ഭീഷണിപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളായി” ക്രൂരമായ ക്രിമിനൽ നിയമങ്ങൾ ഉണ്ടാക്കരുതെന്നും പത്രപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അധികാരത്തിനു മുന്നിൽ പതറാതെ സത്യം തുറന്നു പറയുന്ന മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ അരങ്ങേറുന്ന സ്വേച്ഛാധിപത്യ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സിപിഎം പിബി വ്യക്തമാക്കി.
യുഎപിഎ കരിനിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ നിരവധി മാധ്യമപ്രവർത്തകർ, ശാസ്ത്രജ്ഞർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ, ആക്ഷേപഹാസ്യ കലാകാരന്മാർ, സ്റ്റാൻഡ്-അപ്പ് കോമഡിയൻമാർ എന്നിവരുടെ അടക്കം വീടുകളിൽ ഇന്ന് രാവിലെ ഡൽഹി പോലീസ് നടത്തിയ റെയ്ഡിനെ ശക്തമായി അപലപിക്കുന്നുവെന്നും പിബി പ്രസ്താവനയിലൂടെ അറിയിച്ചു.
മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണിത്. ബിബിസി, ന്യൂസ്‌ലോൻഡ്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കാശ്മീർ വാല, വയർ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളെ അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചിട്ടുണ്ട്. ഇതേ നടപടിയുടെ തുടർചയാണ് ഇപ്പോൾ ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ടവർക്കെതിരെയും സ്വീകരിച്ചിരിക്കുന്നത്.
മാധ്യമങ്ങളെ ആക്രമിക്കാനും അടിച്ചമർത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യസ്നേഹികളും ഒറ്റക്കെട്ടായി അണിചേരണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു.