സാധാരണക്കാരും ഞാനും ഒരു വ്യത്യാസവുമില്ല; കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്വന്തം വിവാഹചടങ്ങ് മാറ്റിവെച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി
വെല്ലിംഗ്ടണ്‍: ലോകം വീണ്ടും കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് കിടക്കുകയാണ്. മൂന്നാം തരംഗം ഒന്നാകെ അലയടിക്കുമ്പോള്‍ തന്റെ വിവാഹ ചടങ്ങ് മാറ്റിവെച്ചിരിക്കുകയാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് അടുത്തയാഴ്ച നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചത്.
ന്യൂസിലാന്റിലെ സാധാരണക്കാരും താനും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജസീന്തയുടെ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ പലതും മാറ്റിവക്കേണ്ടി വന്ന പലരേയും തനിക്കറിയാം. എല്ലാവരോടും താന്‍ ക്ഷമാപണം നടത്തുന്നു. തന്റെ വിവാഹച്ചടങ്ങും മാറ്റിവയ്ക്കുകയാണെന്നും അവര്‍ അറിയിച്ചു.
ജസീന്തയുടെ തീരുമാനത്തിന് നിറകൈയ്യടികളാണ് ലഭിക്കുന്നത്. ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഒരു പരിപാടിക്കിടെയാണ് ഗേഫോഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. ഇരുവര്‍ക്കും മൂന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്.