കൊച്ചി: ഇന്ത്യന്‍ നാവികസേനക്ക് ഇത് ചരിത്രനിമിഷം. ഇന്ത്യൻ യുദ്ധക്കപ്പലില്‍ ചരിത്രത്തിലാദ്യമായാണ് വനിത നാവികസേന ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നത്.സബ് ലഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിംഗുംമാണ് യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്താന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥര്‍ . കൊച്ചി നാവിക സേന ഒബ്സര്‍വേര്‍സ് അക്കാദമിയില്‍ നിന്നാണ് ഇവർ പരിശീലനം പൂര്‍ത്തിയാക്കിയത്.
നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റര്‍ ഇറക്കാനും പറന്നുയരാനുമുള്ള ദുഷ്കര ദൗത്യത്തിന് ഈ വനിതകളും. 60 മണിക്കൂര്‍ ഒറ്റയ്ക്ക് ഹെലികോപ്റ്റര്‍ പറത്തിയാണ് ഇരുവരും നേട്ടം കൈവരിച്ചത്. ബിടെക്ക് പൂര്‍ത്തിയാക്കിയ രണ്ട് പേരും 2018ലാണ് നാവികസേനയില്‍ ചേര്‍ന്നത്. കൂടുതല്‍ വനിത ഉദ്യോഗസ്ഥരെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിന്റെ തുടക്കമാണിത്.
ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ബേസില്‍ നിന്നാണ് ഇവര്‍ ഒബ്സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്. യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്കു നിയമനം ലഭിച്ചിരിക്കുന്നത്. ഇന്നലെ ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് വിംഗ്സ് നല്കി.
നേവല്‍ ബേസിലെ അക്കാഡമിയില്‍നിന്ന് ഒബ്സെര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്.