ബീജീംഗ്: കൊവിഡ് വ്യാപനത്തിനിടെ ലോകം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ ആശങ്ക ഉയര്‍ത്തി ചൈനയില്‍ നിന്ന് മറ്റൊരു വൈറസ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ പുതിയ വൈറസ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. 60ലധികം പേര്‍ ചികിത്സയിലാണ്.
കിഴക്കന്‍ ചൈനയിലെ ജിയാങ്സു, അന്‍ഹുയി പ്രവിശ്യകളിലാണ് വൈറസ് ബാധിച്ച് ഏഴുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുകയും ചെയ്യുന്നത്. ചെളള് പരത്തുന്ന വൈറസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. നോവല്‍ ബന്യ വൈറസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കടുത്ത പനിയും പ്ലേറ്റ്ലൈറ്റുകളുടെ അളവ് ക്രമാതീതമായി താഴ്ന്ന് പോകുന്നതുമാണ് രോഗലക്ഷണം. ഇതുസംബന്ധിച്ച് ചൈനയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആദ്യം ഡെങ്കിപ്പനിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നോവല്‍ ബന്യവൈറസ് ആണ് രോഗ കാരണമെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ചെളളുകളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുളള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.