ന്യൂഡൽഹി:സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ചെന്നിത്തല ഡൽഹിയിലെത്തിയിട്ടുണ്ട്.
കെ സുധാകരൻ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുൽ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് ഹൈക്കമാൻഡ് കേരളത്തിലെ നേതൃത്വത്തിൽ സമൂല അഴിച്ചുപണി നടത്തിയത്.
പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റി പകരം വിഡി സതീശനാണ് നേതൃത്വം ചുമതല നൽകിയത്. ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കാതെ കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കുകയും ചെയ്തിരുന്നു. ഹൈക്കമാന്‍റിന്‍റെ തീരുമാനങ്ങളില്‍ ചെന്നിത്തല അതൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കെഎസ്‌യു നേതാവായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്തിയ ചെന്നിത്തല നേരത്തെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എൻഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയ അധ്യക്ഷനായിരുന്നു.