‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ നടൻ വിജയ്‍യുടെ ഫാന്‍സ് അസോസിയേഷന്‍റെ പേരിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി
വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ‘സൂചനകള്‍’ വീണ്ടും വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതിനിടെ താരത്തിന്‍റെ ആരാധക സംഘടനയുടെ പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി. ‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ എന്ന വിജയ്‍യുടെ ഫാന്‍സ് അസോസിയേഷന്‍റെ പേരിലാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജയ്‍യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് മിനിറ്റുകള്‍ക്കകം വിജയ്‍യുടെ ഓഫീസ് പക്ഷേ പ്രതികരണവുമായി എത്തി.
മാധ്യമങ്ങളിലൂടെയാണ് പുതിയ പാര്‍ട്ടി രജിസ്ട്രേഷന്‍റെ വിവരം വിജയ് അറിഞ്ഞതെന്നും പുതിയ പാര്‍ട്ടിക്ക് അദ്ദേഹവുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് പ്രതികരിച്ചു.അച്ഛൻ ചന്ദ്രശേഖറിന്‍റെ നീക്കം വിജയ് യുടെ അറിവോടെയല്ല. ഫാൻസ് അസോസിയേഷൻ അംഗങ്ങൾ സഹകരിക്കരുതെന്നും വിജയ്‍യുടെ പേര് ദുരുപയോഗം ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്നും താരത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. താന്‍ ജനറൽ സെക്രട്ടറിയും ഭാര്യ ശോഭയെ ട്രഷററുമാക്കിയാണ് എസ് എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പുതിയ പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം നീക്കം വിജയ്‍യുടെ നിര്‍ദേശപ്രകാരമല്ലെന്നും സ്വന്തം താല്‍പര്യപ്രകാരമാണെന്നുമാണ് ചന്ദ്രശേഖറിന്‍റെയും പ്രതികരണം.