തിരുവനന്തപുരം : എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയ ഒഴിവിൽ ആര് മന്ത്രിയാകണമെന്ന് സി പി എം ഇന്ന് തീരുമാനിച്ചേക്കും. രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയിൽ ആയതിനാൽ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്കു തിരിച്ചെത്തും.
പുതിയ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നോ നാളെയോ മന്ത്രിസ്ഥാനം രാജിവെച്ചേക്കും. കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.ഷംസീർ, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാർ തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത്. മുൻ മന്ത്രിമാർക്ക് വീണ്ടും അവസരം നൽകേണ്ടെന്ന തീരുമാനം കെ കെ ശൈലജയ്ക്കായി മാറ്റാൻ ഇടയില്ല. വകുപ്പുകളിലും മാറ്റം വന്നേക്കാം. സജി ചെറിയാന്റെ ഒഴിവ് ഉടൻ നികത്തുമോ എന്നതിൽ തീരുമാനം ആയിട്ടില്ല
അനാരോഗ്യം മൂലം കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായെത്തുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.
സംഘടനപരമായ നിലപാടിൽ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചുമതല ഏൽപ്പിച്ചത് പാർട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. പരമാവധി എല്ലാവരേയും ചേർത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.