കൊച്ചി: പുതുതായി 6 അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി താരസംഘടനയായ അമ്മ. അമ്മയുടെ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനമായത്. വിജയൻ കാരന്തുര്‍, ബിനു പപ്പു, സലിം ഭാവ, സഞ്ജു ശിവറാം, ശ്രീജ രവി, നിഖിലാ വിമൽ എന്നിവർക്കാണ് പുതുതായി അംഗത്വം ലഭിച്ചത്.
എന്നാൽ ശ്രീനാഥ് ഭാസിയുടെ അപേക്ഷയിൽ ഇതര സംഘടനയിൽ നിന്നും NOC ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണണക്കെടുക്കുവാനും തീരുമാനിച്ചു. ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്.
ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്നാണ് സിനിമാസംഘടനകൾ ആരോപിച്ചിരുന്നത്.
ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടത്തിയിൽ ഭാരവാഹികൾക്ക് പ്രതിഷേധം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. ഇന്ന് ഷൂട്ടിംഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് പ്രൊഡ്യൂസഴ്സ് അസോസിഷൻ പ്രസിഡന്റ്നെയും ജനറൽ സെക്രട്ടറിയേയും ഫോണിൽ വിളിച്ചു അമ്മ പ്രതിഷേധം അറിയിച്ചത്.
കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 11 മണിയോടെ ആരംഭിച്ച യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു. സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതലും പങ്കെടുത്തത്. 80 ൽ കൂടുതൽ അംഗങ്ങൾ കത്തുവഴി ലീവ് അപേക്ഷ നൽകിയിരുന്നു.
പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ധിക്ക് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മോഹൻലാൽ മമ്മൂട്ടിക്ക് നൽകി തുടക്കം കുറിച്ചു.