ന്യൂഡൽഹി : പുതിയ ലേബര്‍ കോഡ് പ്രകാരം കയ്യില്‍ കിട്ടുന്ന ശമ്പളം കുറേഞ്ഞേക്കാം. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം വേണമെന്ന വ്യവസ്ഥ പ്രകാരം പ്രൊവിഡന്റ് ഫണ്ട് വിഹിതം കൂടുന്നതിനാലാണ് ഈ സാഹചര്യമുണ്ടാകുക. ഗ്രാറ്റുവിറ്റിയിലും വര്‍ധനവുണ്ടാകും.
ജീവനക്കാരുടെ വിരമിക്കല്‍ സമ്പാദ്യത്തില്‍ ഇത് വര്‍ധനവുണ്ടാക്കുമെങ്കിലും പിഎഫിലേക്കും ഗ്രാറ്റുവിറ്റിയിലേക്കുമായി സിടിസിയില്‍നിന്ന് കൂടുതല്‍ തുക മാറ്റിവെയ്‌ക്കേണ്ടിവരും. പുതിയ വേതന നിയമം പ്രാബല്യത്തിലായെങ്കിലും വ്യവസ്ഥകള്‍ വിജ്ഞാപനം ചെയ്തശേഷമേ നടപ്പാക്കി തുടങ്ങൂ. വ്യവസ്ഥകള്‍ വിശദീകരിക്കുന്നത് പ്രകാരം സ്ഥാപനങ്ങള്‍ക്ക് ശമ്പള ഘടന പുനഃക്രമീകരിക്കേണ്ടിവരും. ഒരു ജീവനക്കാരന് വേണ്ടി തൊഴിലുടമ മൊത്തത്തില്‍ ചെലവഴിക്കുന്ന തുകയാണ് ‘കോസ്റ്റ് ടു കമ്പനി’ (CTC).
പ്രധാന വ്യവസ്ഥ
പുതിയ വേതന നിയമപ്രകാരം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം (Basic Salary) മൊത്തം സിടിസിയുടെ 50 ശതമാനത്തില്‍ കുറയാന്‍ പാടില്ല. അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശതമാനമാകും ബാധകമാകുക.
പല കമ്പനികളും കുറഞ്ഞ അടിസ്ഥാന ശമ്പളം നല്‍കി അലവന്‍സുകള്‍ കൂട്ടുന്ന സാഹചര്യമുണ്ട്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത വിഹിതമാണ് പി.എഫും ഗ്രാറ്റുവിറ്റിയും. അതുകൊണ്ടുതന്നെ ബാധ്യത കുറയ്ക്കുന്നതിനാണ് കമ്പനികള്‍ ഇപ്രകാരം ചെയ്തിരുന്നത്. ഈ പ്രവണത അവസാനിപ്പിച്ച് ജീവനക്കാര്‍ക്ക് അര്‍ഹമായ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് പുതിയ വ്യവസ്ഥയുടെ ലക്ഷ്യം.
നിലവില്‍ പി.എഫ് വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 12% ആണ്. അടിസ്ഥാന ശമ്പളം ഉയരുമ്പോള്‍, ജീവനക്കാരന്റെയും തൊഴിലുടമയുടെയും പി.എഫ് വിഹിതം ഒരുപോലെ കൂടും. ഇത് ജീവനക്കാരുടെ വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത വര്‍ഷങ്ങളുടെ എണ്ണവും അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളവും അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. ഉയര്‍ന്ന അടിസ്ഥാന ശമ്പളം ലഭിക്കുന്നതിനാല്‍ ഗ്രാറ്റുവിറ്റി തുകയും വര്‍ദ്ധിക്കും.
സിടിസിയില്‍ മാറ്റം വരാത്ത സാഹചര്യത്തില്‍ പി.എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയവയ്ക്കായി കൂടുതല്‍ തുക മാറ്റിവെയ്‌ക്കേണ്ടിവന്നാലാണ് ജീവനക്കാരന് പ്രതിമാസം കൈയില്‍ ലഭിക്കുന്ന ശമ്പളത്തില്‍ കുറവുണ്ടാകുക. അധിക ബാധ്യത ഒഴിവാക്കാന്‍ നിലവിലുള്ള സിടിസി പാക്കേജുകളില്‍ തൊഴിലുടമകള്‍ അലവന്‍സുകള്‍ കുറച്ചേക്കാം. ഇത് ജീവനക്കാരുടെ പ്രതിമാസ വരുമാനത്തെയും ബാധിക്കും.
പ്രതിമാസം ₹50,000 CTC ഉള്ളവരുടെ ഉദാഹരണം
| പഴയ നിയമം അനുസരിച്ച് | പുതിയ നിയമം അനുസരിച്ച് | |
| മൊത്തം CTC | ₹ 50,000 | ₹ 50,000 |
| ശമ്പള ഘടന: | ||
| അടിസ്ഥാന ശമ്പളം (Basic Salary) | CTC-യുടെ 30% = ₹ 15,000 | CTC-യുടെ 50% = ₹ 25,000 |
| അലവൻസുകൾ (Allowances) | ₹ 33,200 | ₹ 22,000 |
| മൊത്തം പ്രതിമാസ ശമ്പളം | ₹ 48,200 | ₹ 47,000 |
| കമ്പനിയുടെ വിഹിതം | ||
| PF (12% of Basic) | ₹ 1,800 | ₹ 3,000 |
| ജീവനക്കാരൻ്റെ വിഹിതം | ||
| PF (12% of Basic) | ₹ 1,800 | ₹ 3,000 |
| പ്രതിമാസം കൈയിൽ കിട്ടുന്നത് | ₹ 48,200 – ₹ 1,800 = ₹ 46,400 | ₹ 47,000 – ₹ 3,000 = ₹ 44,000 |
ഈ ഉദാഹരണത്തില്‍ വ്യക്തമാക്കുന്നത് പോലെ, പുതിയ നിയമം അനുസരിച്ച് കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ പ്രതിമാസം 2,400 രൂപയുടെ കുറവാണുണ്ടാകുന്നത്. എന്നാല്‍ ഭാവിയിലേക്കുള്ള സമ്പാദ്യത്തില്‍ വര്‍ധനവുണ്ടാകുന്നു. പഴയ നിയമ പ്രകാരം പിഎഫ് അക്കൗണ്ടിലേക്ക് മാസം വന്നിരുന്നത് 3,600 രൂപ (1,800 നിങ്ങളുടെ വിഹിതം + 1,800 കമ്പനിയുടെ വിഹിതം) ആയിരുന്നെങ്കില്‍ പുതിയ നിയമപ്രകാരം അത് 6,000 (3,000 നിങ്ങളുടെ വിഹിതം + 3,000 കമ്പനിയുടെ വിഹിതം) രൂപയാകും. വിരമിക്കല്‍ സമ്പാദ്യത്തില്‍ കാര്യമായ വര്‍ധനവ് ഇതുണ്ടാക്കും.


