KeralaNews

വിഷപ്പുക അടങ്ങാതെ ബ്രഹ്മപുരം,പുതിയ കളക്ടർ ഇന്ന്

കൊച്ചി:  വിഷപ്പുക അടങ്ങാതെ എട്ടാം നാളും ബ്രഹ്മപുരം. മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. 

അതേസമയംവിവാദങ്ങൾക്കിടെ എൻഎസ്കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേൽക്കും. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവ‍ർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സ‍ർക്കാർ എൻഎസ്കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്. 

ഇന്നലെ ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് തീകെടുത്താനുള്ള ഊർജ്ജിത നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു. മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്നാണ് ഇന്നലെ സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് ബ്രഹ്മപുരത്തെ തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. 

പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ സംസ്കരിക്കും. ജൈവമാലിന്യ സംസ്കരണത്തിനുള്ള വിൻഡ്രോ കന്പോസ്റ്റിംഗ് സംവിധാനത്തിന്‍റെ തകരാര്‍ ഉടൻ പരിഹരിക്കും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. പ്രവര്‍ത്തനങ്ങളുടെ മേൽനോട്ടം മേയറും കളക്ടറും ഉൾപ്പെട്ട സമിതിയ്ക്ക്. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ പങ്കെടുക്കുന്ന യോഗങ്ങൾ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. 

വിവാദങ്ങൾക്കിടെ ബ്രഹ്മപുരത്ത് അട്ടിമറിക്കുള്ള സാധ്യത തള്ളുകയാണ് കളക്ടര്‍ രേണു രാജ്. രാസവിഘടന പ്രക്രിയയിലൂടെ പുറന്തള്ളുന്ന ചൂടുമൂലമുണ്ടാകുന്ന സ്മോൾഡറിംഗ് പ്രതിഭാസമാണ് തീപിടിത്തത്തിന് പ്രധാന കാരണമെന്നാണ് യോഗത്തിൽ കളക്ടർ നൽകിയ വിശദീകരണം. സംസ്ഥാനത്ത് ചൂട് കൂടിയത് തീപിടിത്തത്തിന്‍റെ ആക്കം കൂട്ടിയെന്നും കളക്ടർ വിമർശിച്ചു. 

അതേസമയം കളക്ടറെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ടുദിവസത്തിനകം തീ കെടുത്തുമെന്ന് പറഞ്ഞിട്ട് എന്ത് സംഭവിച്ചെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരന്തനിവാരണച്ചട്ടം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങൾ പൊതുജനങ്ങളിൽ വേണ്ടവിധം എത്തിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബ്രഹ്മപുരത്ത് തീപിടിത്ത മുന്നറിയിപ്പ് നൽകിയിരുന്നെന്നായിരുന്നു കളക്ടറുടെ മറുപടി. നഗരത്തിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നാളെ മുതൽ നീക്കം ചെയ്യുമെന്ന് കോര്‍പ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്ത് വെള്ളം എത്തിക്കാൻ ഇന്നുതന്നെ വൈദ്യുതി കണക്ഷൻ നൽകണമെന്ന് കെഎസ്ഇബിയ്ക്ക് കോടതി നിര്‍ദ്ദേശം നൽകി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button