പാരീസ്: ലോകം ഒമിക്രോണ്‍ ഭീതിയിയുടെ മുള്‍മുനയില്‍ നില്‍ക്കെ ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് സ്ഥിരീകരണം. പുതിയ വകഭേദത്തിന് ബി. 1.640.2 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാക്‌സിനുകളെ അതിജീവിക്കാന്‍ പുതിയ വൈറസിനു ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പുതിയ വകഭേദത്തിനു 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പഠനങ്ങളില്‍ വ്യക്തമാകുന്നത്.
ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,892 ആയി. ഇതില്‍ 766 പേര്‍ രോഗമുക്തരായി. 568 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് 382 രോഗികളുമായി ഡല്‍ഹിയാണ് രണ്ടാംസ്ഥാനത്തുള്ളത്. കേരളം(185), രാജസ്ഥാന്‍(174), ഗുജറാത്ത്(152), തമിഴ്നാട്(121) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ രോഗബാധയാണെന്നും അറോറ വ്യക്തമാക്കി.
ഇന്ത്യയില്‍ മൂന്നാം തരംഗം വ്യക്തമായും എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണെന്ന് വ്യക്തമാകുമെന്നും അറോറ ചൂണ്ടിക്കാട്ടി.ഇന്ത്യയില്‍ ഇതുവരെ 1700 ഒമിക്രോണ്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് ഒരു സംസ്ഥാനത്തെ ഉയര്‍ന്ന സംഖ്യ.
തിങ്കളാഴ്ച ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ച കോവിഡ് സാമ്പിളുകളില്‍ 81 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഡിസംബര്‍ 30-31 തീയതികളിലെ ജനിതക ശ്രേണീകരണത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഡല്‍ഹിയില്‍ 4,099 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമാണ്. മേയ് മാസത്തിനു ശേഷം ഡല്‍ഹിയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ പതിനായിരത്തോളം പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,007 പേര്‍ രോഗമുക്തരായി. 124 പേര്‍ മരണത്തിന് കീഴടങ്ങി. കൊവിഡ് മരണസംഖ്യ 4,82,017 ആയി. നിലവില്‍ 1,71,830 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,06,414 ആയി ഉയര്‍ന്നു.