FeaturedHome-bannerKeralaNews

സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ റീ രജിസ്‌ട്രേഷന്‍ വേണ്ട,ഭാരത് സീരീസ് വരുന്നു

ന്യൂഡൽഹി: പുതിയ വാഹനങ്ങൾക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്ട്രേഷൻ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോൾ റീ രജിസ്ട്രേഷൻ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം.

കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സൈനിക-സുരക്ഷ ഉദ്യോഗസ്ഥർ നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർ തുടങ്ങിയവർക്ക് ബിഎച്ച് രജിസ്ട്രേഷനായി അപേക്ഷിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.

സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വലിയ തലവേദന സൃഷ്ടിക്കുന്നതായിരുന്നു നിലവിലെ രജിസ്ട്രേഷൻ സംവിധാനം. ഒരു സംസ്ഥാനത്ത് വെച്ച് വാഹനം വാങ്ങിയാൽ അവിടെ രജിസ്റ്റർ ചെയ്ത വാഹനം 12 മാസത്തിൽ കൂടുതൽ മറ്റു സംസ്ഥാനത്ത് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആവില്ല. അതിനുള്ളിൽ ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്ട്രേഷൻ നടത്തണമെന്നാണ് നിലവിലെ നിയമം. ആദ്യം രജിസ്റ്റർ ചെയ്ത ചെയ്ത സംസ്ഥാനത്ത് നിന്നുള്ള എൻ.ഒ.സി, അവിടെ അടച്ച റോഡ് ടാക്സ് റീഫണ്ട് ചെയ്ത് റീ രജിസ്ട്രേഷൻ ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കണം. ഈ പ്രക്രിയകൾ ഏറെ ബുദ്ധിമുട്ടാണ് ആളുകൾക്ക് സൃഷ്ടിച്ചിരുന്നത്.

എന്നാൽ ബിഎച്ച് സീരീസ് രാജ്യത്തൊട്ടാകെയുള്ള ഏകീകൃത സംവിധാനം ഇതിന് ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഇത്തരം റീ രജിസ്ട്രേഷൻ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നത്.

വാഹന നികുതി രണ്ട് വർഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വർഷം പൂർത്തിയാക്കിയ വാഹനത്തിനുള്ള നികുതി വർഷംതോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നൽകേണ്ടി വരിക.ബിഎച്ച് രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിൽ തന്നെ ലഭ്യമാകും. ആർ.ടി.ഒ ഓഫീസുകളിൽ പോകേണ്ടതില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button