ഗാസയില്‍ പൂര്‍ണ്ണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് നെതന്യാഹു; എതിര്‍പ്പുമായി ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ്ണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മന്ത്രിമാര്‍ പറഞ്ഞു. യുഎസ്-ഇസ്രയേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗാസയിലെ സൈനിക നടപടികള്‍ വിപുലീകരിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണങ്ങളിലാണ് നെതന്യാഹു മന്ത്രിമാര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. ‘ഞങ്ങള്‍ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ അധിനിവേശത്തിലേക്ക് നീങ്ങുകയാണ്’ നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സുരക്ഷാ മന്ത്രിസഭാ യോഗം നെതന്യാഹു വിളിച്ചേക്കും.

ഗാസയിലെ പൂര്‍ണ്ണ അധിനിവേശത്തിന് ഇസ്രയേല്‍ പ്രതിരോധ സേന എതിര്‍പ്പറിയിച്ചിരുന്നു. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്, അവശേഷിക്കുന്നവരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നല്‍കുന്നത്. ബന്ദികള്‍ക്കൊപ്പം സൈനികരുടെ ജീവനും കൂടുതല്‍ അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും ഐഡിഎഫ് നല്‍കിയിട്ടുണ്ട്.

ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നീക്കം ചെയ്യാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിലയിരുത്തലെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ സമ്പൂര്‍ണ്ണ അധിനിവേശത്തെ എതിര്‍ത്താല്‍ അദ്ദേഹം രാജിവെക്കേണ്ടി വരുമെന്ന് നെതന്യാഹുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ പോലും ഓപ്പറേഷന്‍ ഉണ്ടാകും’ നെതന്യാഹുവിന്റെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സര്‍ പറഞ്ഞു.പൂര്‍ണ്ണ അധിനിവേശം സംബന്ധിച്ച് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭയിലും ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. ധനമന്ത്രി ബെസാലേല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, മിലിട്ടറി സെക്രട്ടറി മേജര്‍ ജനറല്‍ റോമന്‍ ഗോഫ്മാന്‍, ക്യാബിനറ്റ് സെക്രട്ടറി യോസി ഫ്യൂക്‌സ് തുടങ്ങിയവരാണ് സൈനിക നടപടി വിപുലീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നവര്‍.

ഐഡിഎഫ് ചീഫ് ഇയാല്‍ സമീര്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി, മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ, സൈന്യത്തിന്റെ ബന്ദി വിഷയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മേജര്‍ ജനറല്‍ (റിസര്‍വ്) നിറ്റ്‌സാന്‍ അലോണ്‍ തുടങ്ങിയവര്‍ വെടിനിര്‍ത്തല്‍-ബന്ദി കരാറിലെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനെ അനുകൂലിക്കുന്നവരാണ്.

ഗാസയിലെ സൈനിക നടപടകളിലുള്ള അനിശ്ചതത്വം നിലനില്‍ക്കുന്നതിനിടയില്‍ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ അമേരിക്കയിലേക്കുള്ള യാത്ര റദ്ദാക്കിയതായും സൈന്യം തിങ്കളാഴ്ച അറിയിച്ചു. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന വ്യവസ്ഥയിലായിരുന്നു ഈ ഹ്രസ്വയാത്രയെന്നും, അത് നടപ്പിലാകാത്തതിനാല്‍ അദ്ദേഹം തിങ്കളാഴ്ച രാത്രി യാത്ര തിരിക്കില്ലെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയുടെ ചുമതല കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനും, പെന്റഗണിലെ യുഎസ് ഉദ്യോഗസ്ഥരുമായും ജൂത സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്താനും സമീര്‍ തീരുമാനിച്ചിരുന്നു.ഗാസയിലെ യുദ്ധമവസാനിപ്പിക്കാന്‍ നെതന്യാഹു സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇസ്രയേലിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണവിഭാഗങ്ങളുടെ മുന്‍ തലവന്മാരുള്‍പ്പെടെ 550-ഓളംപേര്‍ ചേര്‍ന്നാണ് ട്രംപിന് തുറന്ന കത്തെഴുതിയത്.

ഹമാസ് ഇനിയൊരിക്കലും ഇസ്രയേലിന്റെ നിലനില്‍പ്പിനു ഭീഷണിയല്ലെന്നാണ് അനുഭവപരിചയം മുന്‍ നിര്‍ത്തിയുള്ള തങ്ങളുടെ വിലയിരുത്തലെന്ന് ഉദ്യോഗസ്ഥര്‍ കത്തില്‍ പറയുന്നു. ”ബലപ്രയോഗത്തിലൂടെ സാധിക്കുമായിരുന്ന രണ്ട് യുദ്ധലക്ഷ്യങ്ങളും ഇസ്രയേല്‍സൈന്യം കൈവരിച്ചു: ഹമാസിന്റെ സൈനികശേഷി ഉന്മൂലനം ചെയ്യുകയും ഭരണസംവിധാനം തകര്‍ക്കുകയും ചെയ്തു. ബന്ദികളെ മടക്കിക്കൊണ്ടുവരുക എന്ന സുപ്രധാനമായ മൂന്നാംലക്ഷ്യം കരാറിലൂടെയേ നേടാന്‍കഴിയൂ”-എന്ന് കത്തില്‍ പറയുന്നു. ശേഷിക്കുന്ന ഹമാസുകാരെ വേട്ടയാടുന്നത് അതിനുശേഷവും തുടരാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

23ാം മാസത്തിലേക്കു കടക്കുന്ന ഗാസയിലെ യുദ്ധം സ്വന്തം സുരക്ഷയും അസ്തിത്വവും നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷത്തിലേക്കാണ് ഇസ്രയേലിനെ നയിക്കുന്നതെന്ന് ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബേതിന്റെ മുന്‍ തലവന്‍ അമി അയലോണ്‍ പറഞ്ഞു. ”തുടക്കത്തില്‍ ഈ യുദ്ധം സ്വരക്ഷയ്ക്കുവേണ്ടിയുള്ള നീതിപൂര്‍വമായ ഒന്നായിരുന്നു. എന്നാല്‍, സൈനികലക്ഷ്യങ്ങളെല്ലാം നേടിയശേഷവും അതു തുടരുന്നത് നീതിയുക്തമല്ല”-അയലോണ്‍ പറഞ്ഞു. മൊസാദ് മുന്‍ തലവന്മാരായ താമിര്‍ പര്‍ദോ, എഫ്രായിം ഹലേവി, ഡാന്നി യാതോം, ഷിന്‍ ബേതിന്റെ അഞ്ച് മുന്‍ തലവന്മാര്‍, മുന്‍ പ്രധാനമന്ത്രി എഹൂദ് ബറാക്, മുന്‍ പ്രതിരോധമന്ത്രി മോഷെ യാലോണ്‍ തുടങ്ങിയവര്‍ കത്തിലൊപ്പിട്ടിട്ടുണ്ട്. ഗാസയില്‍ പട്ടിണിയുള്‍പ്പെടെ മാനുഷികപ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്രതലത്തില്‍ ഇസ്രയേല്‍ പ്രതിക്കൂട്ടിലായിരിക്കേയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ തുറന്നവിമര്‍ശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News