
നെല്ലിയാമ്പതി: നെല്ലിയാമ്പതിയുടെ കാവല്‍ക്കാരന്‍ ചില്ലിക്കൊമ്പന്‍ ഇനിയില്ല. തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ചരിഞ്ഞത് നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന്‍ എന്ന കാട്ടാനയാണെന്ന് സ്ഥിരീകരിച്ചു. ഡാമിലെ കണ്ടൂര്‍ കനാലില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ആന ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാര്‍ കോണ്ടൂര്‍ കനാലില്‍ ചില്ലിക്കൊമ്പന്‍ ഒഴുക്കില്‍പ്പെട്ടത്. തിരുമൂര്‍ത്തി അണക്കെട്ട് ഭാഗത്ത് നിന്ന് വൈകിട്ട് ആറരയോടെയാണ് തമിഴ്‌നാട് വനം വകുപ്പ് ആനയുടെ ജഡം പുറത്തെടുത്തത്. ചരിഞ്ഞത് ചില്ലിക്കൊമ്പന്‍ തന്നെയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ആളിയാര്‍ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നെല്ലിയാമ്പതിയുടെ കാവല്‍ക്കാരന്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ കാട്ടാനയാണ് ചില്ലിക്കൊമ്പന്‍. കൊമ്പിന്റെ ആകൃതി കൊണ്ടാണ് ആനയ്ക്ക് ഈ പേരുവന്നത്. ജനവാസ മേഖലയില്‍ പതിവായി ഇറങ്ങുമെങ്കിലും ചില്ലിക്കൊമ്പന്‍ ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ല. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് ചില്ലിക്കൊമ്പന്‍. ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ആനയ്ക്ക് നാട്ടുകാര്‍ ചില്ലിക്കൊമ്പന്‍ എന്ന് പേരിട്ടത്. ഇടയ്ക്കിടെ നെല്ലിയാമ്പതി ജനവാസമേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പന്‍ നാട്ടുകാര്‍ക്ക് കാര്യമായി പ്രശ്‌നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല. അതിനാല്‍തന്നെ നെല്ലിയാമ്പതിക്കാര്‍ക്ക് പ്രിയങ്കരനായിരുന്നു ചില്ലിക്കൊമ്പന്‍. ഉടുമലയിലെ വനപാലകര്‍ ജഡം പ്രദേശത്ത് തന്നെ സംസ്‌കരിക്കും.
നെല്ലിയാമ്പതി മേഖലയിലെ സ്ഥിരസാന്നിധ്യമായിരുന്നു ചില്ലിക്കൊമ്പന്‍ എന്ന ശാന്തസ്വഭാവക്കാരന്‍. നെല്ലിയാമ്പതിയിലെ കാവല്‍ക്കാരനെന്നാണ് കൊമ്പനെ വന്യജീവി സ്‌നേഹികളും പ്രകൃതിപ്രേമികളും വിശേഷിപ്പിക്കുന്നത്. കൊമ്പന്റെ ചിത്രങ്ങള്‍ പകര്‍ത്താനും പങ്കുവെക്കാനുമായി നിരവധി പേര്‍ നെല്ലിയാമ്പതിയില്‍ എത്തുമായിരുന്നു. ചില്ലിക്കൊമ്പനെ കാണാനും ഫോട്ടോ എടുക്കാനുമായി തന്നെ നിരവധി പേര്‍ നെല്ലിയാമ്പതിയില്‍ എത്തുമായിരുന്നു. ആര്‍ക്കും ഉപദ്രവം ഉണ്ടാക്കിയിരുന്നില്ല.
സമൂഹമാധ്യമ പേജുകളും ചില്ലിക്കൊമ്പന്റെ ഓര്‍മ്മകളില്‍ നിറയുകയാണ്. ആനപ്രേമികളായ നിരവധി പേരാണ് ചില്ലിക്കൊമ്പനെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവെയ്ക്കുന്നത്. ‘പ്രിയപ്പെട്ട ചില്ലിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട… എത്ര തവണ കണ്ടുവെന്നും, എത്ര ചിത്രങ്ങള്‍ പകര്‍ത്തിയെന്നതിനും കയ്യും കണക്കുമില്ല… നെല്ലിയാമ്പതിയുടെ രാജാവായി നടന്ന ആ ചില്ലിക്കൊമ്പന്‍ ഓര്‍മ്മകളില്‍ എന്നും ജീവിക്കും…’- അഭിജിത്ത് വാര്യര്‍ ഫേസ്ബുക്കില്‍ ചില്ലിക്കൊമ്പന്റെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഡോ. മെക്കാനിക്ക് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലെ ചില വരികള്‍ ഇങ്ങനെ: ‘ചില്ലിക്കൊമ്പന്‍ ചരിഞ്ഞു എന്ന വാര്‍ത്ത നെഞ്ചുപൊള്ളിക്കുന്നതാണ്. ഇനി നെല്ലിയാമ്പതിയുടെ കാട്ടുപാതകളില്‍ ആ തലപ്പൊക്കം കാണാനില്ലെന്നും സൗമ്യതയുടെ ആ പ്രതീകത്തിന് കണ്ണീരണിഞ്ഞ ആദരാഞ്ജലികള്‍’.
നെല്ലിയാമ്പതിയുടെ കോടമഞ്ഞിനെ കീറിമുറിച്ച് അവന്‍ നടന്നു വരുമ്പോള്‍ അത് കേവലം ഒരു കാഴ്ച്ചയല്ലെന്ന് ലിസന്‍ റോസ് റഹീസ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ‘നെല്ലിയാമ്പതിയുടെ കാവല്‍ക്കാരന് വിട… ചില്ലിക്കൊമ്പന്‍, തേയിലത്തോട്ടങ്ങള്‍ അതിരിട്ട മണ്‍വഴികളിലൂടെ, നെല്ലിയാമ്പതിയുടെ കോടമഞ്ഞിനെ കീറിമുറിച്ച് അവന്‍ നടന്നു വരുമ്പോള്‍ അത് കേവലം ഒരു കാഴ്ച്ചയല്ല… ആ മലനിരകളുടെ ഗാംഭീര്യം മുഴുവന്‍ ആവാഹിച്ച ഒരു രാജകീയ എഴുന്നള്ളത്താണ്! കാടിന്റെയും നാടിന്റെയും അതിരുകളില്‍ അവന്‍ എന്നും നെല്ലിയാമ്പതിയുടെ കാവല്‍ക്കാരനാണ്. ശാന്തനെങ്കിലും ഉള്ളിലെ വന്യത ഒട്ടും ചോര്‍ന്നുപോകാത്ത നമ്മുടെ സ്വന്തം ചില്ലിക്കൊമ്പന്‍. നെല്ലിയാമ്പതിയുടെ തേയിലത്തോട്ടങ്ങളിലെ സുപരിചിതമായ ആ ഗാംഭീര്യമാര്‍ന്ന കാഴ്ച്ച ഇനിയില്ല. ആളിയാര്‍ കനാലിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് നമ്മുടെ സ്വന്തം ചില്ലിക്കൊമ്പന്‍ ഓര്‍മ്മയായി. കാടിന്റെ വന്യതയും നെല്ലിയാമ്പതിയുടെ ഭംഗിയും ഒരുപോലെ ഒത്തുചേര്‍ന്ന ആ രൂപം ഇനി കണ്‍മുന്നില്‍ എത്തില്ലെങ്കിലും, ആ മലനിരകളെ സ്‌നേഹിക്കുന്ന ഏവരുടെയും മനസ്സില്‍ ചില്ലിക്കൊമ്പന്‍ എന്നും ജീവിക്കും. ആദരാഞ്ജലികള്‍…’- അദ്ദേഹം കുറിച്ചു.
Chillikomban, the iconic wild elephant affectionately known as the “guardian of Nelliampathy,” met a tragic end after drowning in the Aliyar Contour Canal in Tamil Nadu. The gentle giant, widely loved by elephant enthusiasts across Kerala for his calm demeanour and uniquely shaped tusks, accidentally slipped into the strong currents while trying to drink water. The Tamil Nadu Forest Department recovered the carcass near Thirumoorthi Dam and confirmed the identity of the social media-famous elephant.

