കൊച്ചി: തൃക്കാക്കരയിൽ സിപിഎം പാർട്ടി പ്രവർത്തകയുടെ വീടിന് തീയിട്ടു. അത്താണി സ്വദേശിനിയായ മഞ്ജുവിന്റെ വീടിന് ഇന്നലെ രാത്രി ഒരുമണിയോടെയാണ് തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയായ ഒരാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഷ്ട്രീയ വിരോധമല്ല തീയിടാൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ വ്യക്തിയും മഞ്ജുവുമായി ചില തർക്കങ്ങളുണ്ടായിരുന്നു. മദ്യലഹരിയിലാണ് തീയിട്ടതെന്നാണ് പ്രാഥമിക വിവരം. വീട് പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഇവർ ഇടപ്പള്ളി പെരുന്നാളിന് പോയ സമയത്തായിരുന്നു അക്രമണം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എന്നാൽ വീട്ടിലുണ്ടായിരുന്ന ആറ് മുയലുകൾ ചത്തുപോയി.
സിപിഎം ജില്ലാ സെക്രട്ടറി എൻ മോഹനനും മറ്റ് നേതാക്കളും രാവിലെ തന്നെ വീട് സന്ദർശിച്ചു.മഞ്ജു ആശാ വർക്കറാണ്.അവർക്ക് എല്ലാവരോടും അടുപ്പമുണ്ട്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതെന്ന് സി എൻ മോഹനൻ ആരോപിച്ചു. മഞ്ജുവിനെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ഹീനമായ നീക്കമാണിതെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.