ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാർലമെന്‍റിൽ ശബ്ദമുയർത്തുമെന്ന് വിദ്യാർത്ഥികൾക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്. ക്രമക്കേട് പരിശോധിക്കാൻ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. നരേന്ദ്ര മോദി ഇതുവരെ സത്യപ്രതിജ്ഞ പോലും ചെയ്തിട്ടില്ല, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകർത്തു, രാഹുൽ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ എല്ലാ വിദ്യാർത്ഥികളോടും പറയുന്നു, ഞാൻ പാർലമെൻ്റിൽ നിങ്ങളുടെ ശബ്ദമായി മാറും, നിങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും ഉറപ്പ് നൽകുന്നു.നിയമം ഉണ്ടാക്കി വിദ്യാർത്ഥികൾക്ക് ‘പേപ്പർ ചോർച്ചയിൽ നിന്ന് സ്വാതന്ത്ര്യം’ നൽകുമെന്ന് ഞങ്ങളുടെ പ്രകടനപത്രികയിൽ ഞങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ട്.
ഒരേ പരീക്ഷാ കേന്ദ്രത്തിലെ 6 വിദ്യാർത്ഥികൾ പരമാവധി മാർക്കോടെ പരീക്ഷയിൽ ഒന്നാമത് എത്തി. ഇത്തരത്തിൽ ഒരേ മാർക്ക് സാങ്കേതികമായി സാധ്യമല്ല. എന്നാൽ പേപ്പർ ചോർച്ചയുടെ സാധ്യത സർക്കാർ തുടർച്ചയായി നിഷേധിക്കുകയാണ്.നിയമ നിർമാണത്തിലൂടെ ഈ പേപ്പർ ചോർച്ചയെ മറികടക്കും’, രാഹുൽ ട്വീറ്റിൽ പറഞ്ഞു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു. പരീക്ഷയുടെ വിശ്വാസ്യതയ്ക്കാണ് കോട്ടം തട്ടിയിരിക്കുന്നത്. ചോദ്യപ്പേപ്പർ ചോർന്നുവെന്ന ആരോപണങ്ങൾ വരെയാണ് ഉയർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നിലനിർത്താനുള്ള അടിയന്തര നടപടികൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാവണം. ക്രമക്കേടുകളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാറിന് കത്തുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായതിൽ ദുരൂഹതയുണ്ട്. ദേശീയ പരീക്ഷ ഏജന്‍സി (എന്‍.ടി.എ) ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ആശങ്കാജനകമാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ക്രമക്കേടും ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിദ്ധീകരിച്ച ഫലത്തെ സംശയത്തോടെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നോക്കികാണുന്നത്.
അതുകൊണ്ട് ചോദ്യപേപ്പര്‍ സജ്ജീകരണം, പരീക്ഷാ നടത്തിപ്പ്, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം എന്നിവ ഉള്‍പ്പെടെ പരീക്ഷാ പ്രക്രിയയുടെ നീതിക്കും സുതാര്യതയ്ക്കും കോട്ടം വരുത്തിയ വീഴ്ചകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.