നീറ്റ്-യുജി ക്രമക്കേട്‌: ഗുജറാത്തിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: നീറ്റ് – യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ് വസതിയിൽനിന്ന് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഈ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ. ജയ് ജലറാം സ്‌കൂൾ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. ​പട്ടേലിന്റെ റിമാൻഡ് ആവശ്യപ്പെട്ട് സിബിഐ സംഘം അഹമ്മദാബാദിലെ കോടതിയെ സമീപിച്ചതായി പബ്ലിക്ക് പ്രോസിക്യൂട്ടർ രാകേഷ് ഠാക്കൂർ വ്യക്തമാക്കി.

കേസിൽ 13 പേരെ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം. ഇതില്‍ ആറുപേര്‍ പരീക്ഷാ മാഫിയയുടെ ഭാഗമാണെന്നും നാലുപേര്‍ പരീക്ഷാര്‍ഥികളും മൂന്നുപേര്‍ സംഭവവുമായി ബന്ധമുള്ളവരും ആണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നീറ്റ് ചോദ്യക്കടലാസ്‌ ചോർച്ചക്കേസിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് ചോദ്യം ചെയ്യലിനൊടുവിൽ സി.ബി.ഐ. വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. ഇവരെ സഹായിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാധ്യമപ്രവർത്തകനെയും സിബിഐ അറസ്റ്റുചെയ്തിരുന്നു. ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News