ന്യൂഡല്‍ഹി:ഫുള്‍ മാര്‍ക്ക് നേടി മലയാളി വിദ്യാര്‍ത്ഥിനി അടക്കം മൂന്നുപേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ഒന്നാം റാങ്ക് പങ്കിട്ടു.പതിനേഴാം റാങ്ക് നേടിയ എസ്. ഗൗരി ശങ്കറാണ് കേരളത്തില്‍ പരീക്ഷ എഴുതിയവരില്‍ ഒന്നാമതെത്തിയത്.
കണ്ണൂര്‍ സ്വദേശിയും മുംബയ് മലയാളിയുമായ കാര്‍ത്തിക ജി.നായര്‍,തെലങ്കാന സ്വദേശി മൃണാല്‍ കുട്ടേരി, ഡല്‍ഹി സ്വദേശി തന്‍മയ് ഗുപ്‌ത എന്നിവരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. 720 മാര്‍ക്കാണ് ഇവര്‍ നേടിയത്. കൗണ്‍സലിംഗ് വേളയില്‍ മറ്റു മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മുന്‍ഗണന നിശ്ചയിക്കും.
മുംബയില്‍ ജനിച്ചു വളര്‍ന്ന കാര്‍ത്തികയുടെ പിതാവ് ഗംഗാധരന്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും മാതാവ് ശ്രീവിദ്യ കോളേജ് അദ്ധ്യാപികയുമാണ്.എം.ബി.ബി.എസിനുശേഷം ഒാങ്കോളജിയിലോ ന്യൂറോളജിയിലോ സ്പെഷ്യലൈസ് ചെയ്യാനാണ് ആഗ്രഹമെന്ന് കാര്‍ത്തിക പറഞ്ഞു.
മെഡിക്കല്‍, ഡന്റല്‍, ആയുഷ് ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി സെപ്തംബര്‍ 12ന് നടത്തിയ പരീക്ഷ പതിനാറു ലക്ഷം പേര്‍ എഴുതിയിരുന്നു.
കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ എസ്. ഗൗരി ശങ്കര്‍ മാവേലിക്കര വെട്ടിയാര്‍, തണല്‍വീട്ടില്‍ സുനില്‍ കുമാറിന്റെയും രേഖയുടെയും മകനാണ്.