ന്യൂഡൽഹി: ലക്ഷദ്വീപിൽ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി. മുപ്പതു ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്.
എക്സൈസ് കമ്മിഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വ്യാജമദ്യവിൽപ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്.
ലക്ഷദ്വീപിൽ നിലവിൽ മദ്യം നിരോധിച്ചിരിക്കയാണ്. ജനവാസമില്ലാത്ത അഗത്തിയിൽനിന്ന് ഒമ്പത് മൈൽ അകലെയുള്ള ടൂറിസ്റ്റു കേന്ദ്രമായ ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കുമാത്രമായി ഇപ്പോൾ നിയന്ത്രണത്തോടെ മദ്യം വിളമ്പുന്നുണ്ട്. ഇത് കവരത്തി, മിനിക്കോയ്, കടമം റിസോർട്ടുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ 2021-ൽ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധംകാരണം നടന്നില്ല. എന്നാലിപ്പോൾ ദ്വീപിൽ എല്ലായിടത്തും മദ്യം ലഭ്യമാക്കാനുള്ള ബില്ലിലാണ് അഭിപ്രായം തേടിയിരിക്കുന്നതെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.
ബിൽ നിലവിൽ വന്നാൽ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും. ദ്വീപിലെ സ്വൈരജീവിതത്തിന് ഭംഗമുണ്ടാക്കാനുതകുന്നതാണ് നിർദേശമെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ആദ്യം ഗുജറാത്തിൽ മദ്യം സുലഭമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയുംകാലം മദ്യനിരോധനം തുടർന്ന ദ്വീപിൽ മദ്യം കൊണ്ടുവരുന്നത് പലവിധ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് എൻ.എസ്.യു.ഐ. സംസ്ഥാന കമ്മിറ്റി പറഞ്ഞു.
ഇതിനെതിരേ പൊതുജനങ്ങൾ അഭിപ്രായങ്ങൾ [email protected] എന്ന വിലാസത്തിൽ അറിയിക്കണമെന്നും എൻ.എസ്.യു.ഐ. അഭ്യർഥിച്ചു. എൻ.എസ്.യു.ഐ. പ്രതിഷേധപരിപാടികളും സംഘടിപ്പിക്കും.