FeaturedHome-bannerNews

നാഗാലാൻഡിൽ എൻഡിഎ തരംഗം തരംഗം; ത്രിപുരയിലും മേഘാലയയിലും ബിജെപി സഖ്യം മുന്നിൽ

ന്യൂഡല്‍ഹി: മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി മുന്നേറുന്നു. ബിജെപി തരംഗം ആഞ്ഞടിച്ച നാഗാലാന്‍ഡില്‍ ആകെയുള്ള 60 സീറ്റില്‍ അന്‍പതോളം സീറ്റുകളിലാണ് അവർ ലീഡ് ചെയ്യുന്നത്.

ഏവരും ഉറ്റുനോക്കുന്ന ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി സഖ്യമാണ് മുന്നിലെങ്കിലും കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കെ നിലവില്‍ 29 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. ഇതാദ്യമായി സഖ്യമായി മത്സരിക്കുന്ന ഇടത്-കോണ്‍ഗ്രസ് സഖ്യം 15 സീറ്റില്‍ മുന്നിലാണ്. ഗോത്ര പാര്‍ട്ടിയായ തിപ്ര മോത്ത ഏവരേയും ഞെട്ടിച്ചുകൊണ്ട് 12 സീറ്റില്‍ ലീഡ് ചെയ്യുന്നു

മേഘാലയയിലും ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കില്ല. എന്‍ഡിഎ സഖ്യമായിരുന്നെങ്കിലും ഭരണകക്ഷിയായ എന്‍പിപിയും ബിജെപിയും എല്ലാ സീറ്റിലും മത്സരിച്ചിരുന്നു. നിലവില്‍ എന്‍പിപിക്ക് 14 സീറ്റിലും ബിജെപിക്ക് അഞ്ച് സീറ്റിലുമാണ് ലീഡുള്ളത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 16 സീറ്റില്‍ ലീഡുണ്ട്.

കോണ്‍ഗ്രസ് ഏഴ് സീറ്റില്‍ ലീഡ് ചെയ്യുന്നു. പ്രാദേശിക പാര്‍ട്ടിയായ യുഡിപിയുടെ പിന്തുണ അവിടെ നിര്‍ണായകമാകും. നിലവില്‍ അവര്‍ 12 സീറ്റില്‍ മുന്നിലാണ്. കഴിഞ്ഞ സഭയില്‍ തുടക്കത്തില്‍ 21 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായിരുന്നു കോണ്‍ഗ്രസ് എന്നാല്‍ കാലാവധി അവസാനിക്കുമ്പോള്‍ ബിജെപിയിലേക്ക് പോയവര്‍ ഒഴികെ ശേഷിക്കുന്ന എംഎല്‍എമാര്‍ മുകുള്‍ സാങ്മയ്‌ക്കൊപ്പം ത്രിണമൂലിലെത്തി.

രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ തുടരുകയാണ്. അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വലിയ സുരക്ഷാ സംവിധാനങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.

ത്രിപുരയിലെ വോട്ടെടുപ്പ് ഈ മാസം 16-നും നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27-നുമാണ് നടന്നത്. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മറ്റു രണ്ടിടത്ത് 59 വീതം മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പു നടന്നത്. എക്‌സിറ്റ് പോളുകളില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബി.ജെ.പി.ക്കാണ് മേല്‍ക്കൈ പ്രവചിച്ചത്.

മേഘാലയയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമേ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മത്സരരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടു സീറ്റുകളായിരുന്നു ബി.ജെ.പി. 2018-ല്‍ നേടിയത്. എന്നാല്‍, 20 സീറ്റുള്ള എന്‍.പിപിയുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു. സാങ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ബി.ജെ.പി. ഇത്തവണ 60 സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.

നാഗാലാന്‍ഡില്‍ ഇത്തവണ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ 60-ല്‍ 12 സീറ്റുകള്‍ നേടിയ ബി.ജെ.പി. ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്. എന്‍.ഡി.പി.പി. 40 സീറ്റിലും ബി.ജെ.പി. 20 സീറ്റിലുമാണ് മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുതോ മണ്ഡലത്തില്‍ നിന്ന് കസെറ്റോ കിമിനി വിജയച്ചിരുന്നു. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ട് 22 സീറ്റിലുമാണ് ജനവിധി തേടിയത്.

ത്രിപുരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് തുടര്‍ഭരണം കിട്ടുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് 25 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്ന സി.പി.എം. കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്താണ് ബി.ജെ.പിയെ നേരിടുന്നത്. ഗോത്രമേഖലകളില്‍ സ്വാധീനമുള്ള പ്രദ്യോത് ദേബ് ബര്‍മയുടെ തിപ്രമോത്ത നേടുന്ന വോട്ടുകളായിരിക്കും സംസ്ഥാന ഭരണം ആര്‍ക്കാവുമെന്നത് നിര്‍ണ്ണയിക്കുക. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി. 55 ഇടത്തും ഐ.പി.എഫ്.ടി. അഞ്ചിടത്തും മത്സരിച്ചു. സി.പി.എം. 43 ഇടത്തും കോണ്‍ഗ്രസ് 13 ഇടത്തും മറ്റ് ഇടത് പാര്‍ട്ടികള്‍ ഓരോ ഇടത്തുമാണ് മത്സരിച്ചത്. ഒരു സീറ്റില്‍ തിപ്ര മോത്തയും ഇടത് കോണ്‍ഗ്രസ് സഖ്യവും ഒരു സ്ഥാനാര്‍ഥിയെ പിന്തുണച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button