NationalNews

സ്പീക്കര്‍ സ്ഥാനം,പ്രധാന വകുപ്പുകള്‍ ബി.ജെ.പി പ്രതിസന്ധിയിലാക്കി ഘടകകക്ഷികള്‍;മുന്നണി ഭരണം മോദിയ്ക്ക് തുടക്കത്തില്‍ തന്നെ തലവേദന

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നോട്ട് പോകുന്ന എൻഡിഎയിൽ സമ്മര്‍ദ്ദം ശക്തമാക്കി ജെഡിയുവും ടിഡിപിയും അടക്കം കക്ഷികൾ. പൊതുമിനിമം പരിപാടി വേണമെന്ന് ആവശ്യപ്പെട്ട ജെഡിയു, ജാതി സെൻസസ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ടിഡിപിയും തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബിജെപി നീക്കം. ബിജെപി എംപിമാരുടെ യോ​ഗം ഇന്ന്ഡല്‍ഹിയിൽ ചേരും. പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും നേതാക്കൾ ചർച്ച തുടങ്ങി. 

ഓരോ പാർട്ടികളും മുന്നണിയിൽ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പൊതു മിനിമം പരിപാടി ആവശ്യപ്പെട്ട ജെഡിയു ജാതി സെൻസസ് ഇതിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു. മൂന്ന് പ്രധാന മന്ത്രാലയങ്ങളിൽ ജെഡിയു താത്പര്യം അറിയിച്ചിട്ടുണ്ട്. ടിഡിപി ലോക്സഭ സ്പീക്കർ പദവിയും ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്നിവയ്ക്കൊപ്പം മൂന്ന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ചോദിക്കും. ധനകാര്യ സഹമന്ത്രി സ്ഥാനവും ചോദിക്കുമെന്നാണ് വിവരം. 

എൽജെപിയുടെ ചിരാഗ് പാസ്വാൻ ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്ഥാനവും ലക്ഷ്യമിടുന്നുണ്ട്. ശിവസേന ഷിൻഡെ വിഭാഗം ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരെയും ആവശ്യപ്പെട്ടിട്ടുണ്ട്. ജിതൻ റാം മാഞ്ചി ഒരു ക്യാബിനറ്റ് പദവി ആവശ്യപ്പെടും. അതേസമയം സർക്കാർ രൂപീകരണത്തിന് ശ്രമം തുടരണമെന്നാണ് ഇന്ത്യ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് നിലപാടെടുത്തത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ വിലയിരുത്തലുകൾക്കിടയിൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ എൻ.ഡി.എ.യും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യസഖ്യവും കൂടിയാലോചനകളും ചർച്ചകളും ആരംഭിച്ചു. സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പിച്ച് മൂന്നാംസർക്കാർ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രിയുടെ വസതിയിൽച്ചേർന്ന എൻ.ഡി.എ. തീരുമാനിച്ചു. സഖ്യത്തിന്റെ നേതാവായി യോഗം നരേന്ദ്രമോദിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

വെള്ളിയാഴ്ച എൻ.ഡി.എ. ലോക്‌സഭാംഗങ്ങളുടെ യോഗം ഡൽഹിയിൽച്ചേർന്ന് മോദിയെ പാർലമെന്ററി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് മോദിയും സഖ്യകക്ഷിനേതാക്കളും രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കണ്ട് സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞ ശനിയാഴ്ച രാത്രി എട്ടിന് നടക്കുമെന്നാണ് സൂചന. രാഷ്ട്രപതിഭവനിൽ ഒരുക്കങ്ങളാരംഭിച്ചു.

272 എന്ന കേവലഭൂരിപക്ഷം ഒരു പാർട്ടിയും നേടാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നനിലയിൽ മന്ത്രിസഭാ രൂപവത്കരണത്തിന് 240 സീറ്റുള്ള ബി.ജെ.പി.യെയായിരിക്കും രാഷ്ട്രപതി ആദ്യം ക്ഷണിക്കുക. പാർട്ടികളുടെ പിന്തുണ രേഖാമൂലം ഉറപ്പുനൽകുന്ന കത്തുകൾ രാഷ്ട്രപതിക്ക് കൈമാറിക്കൊണ്ടായിരിക്കും കക്ഷിനേതാവ് മന്ത്രിസഭാ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിക്കുക. 293 സീറ്റാണ് എൻ.ഡി.എ. നേടിയത്. ചില സ്വതന്ത്രരുടെ പിന്തുണയും തേടുന്നുണ്ട്.

ബുധനാഴ്ച 11.30-ന് രണ്ടാം മോദിമന്ത്രിസഭയുടെ അവസാനയോഗം മന്ത്രിസഭയുടെ രാജി സമർപ്പിക്കാനും പതിനേഴാം ലോക്‌സഭ പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. പ്രധാനമന്ത്രി 1.50-ന് രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കണ്ട്‌ കത്ത് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടാൻ ഉത്തരവുനൽകി. പുതിയ മന്ത്രിസഭ അധികാരമേൽക്കുംവരെ തുടരാൻ മോദിയോട് അഭ്യർഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button