വയനാട്: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. നാമനിർദ്ദേശ പത്രികയിലും, സത്യവാങ്മൂലത്തിലും പ്രസക്തമായ വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചെന്നാണ് പരാതി.
നേരത്തെ ബി ജെ പി വക്താവ് തന്നെ പ്രിയങ്കാ ഗാന്ധിക്കെതിരെ ആരോപണവുമായി വന്നിരുന്നു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ആദായനികുതി വിവരങ്ങൾ പ്രിയങ്കാ ഗാന്ധി മറച്ചു വച്ചുവെന്നാണ് ബി ജെ പി വക്താവ് ഗൗരവ് ഭാട്ടിയ കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തിയിരുന്നത്.
നാഷണൽ ഹെറാൾഡ് കേസിലെ ഓഹരികൾ, സ്വത്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രിയങ്കയ്‌ക്ക് എതിരെയുള്ള കേസുകൾ രേഖപ്പെടുത്തിയിട്ടില്ല. ഇത് കൂടാതെ നാഷണൽ ഹെറാൾഡിൽ സോണിയ ഗാന്ധിയുടെയും, രാഹുലിന്റെയും ഓഹരികൾ പരാമർശിക്കുന്നത് സൗകര്യപൂർവ്വം ഒഴിവാക്കിയെന്നും നവ്യ ഹരിദാസ് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം ഒന്നും മറച്ചു വച്ചിട്ടില്ലെന്നും, ഇതിൽ പറഞ്ഞിരിക്കുന്നതാണ് തന്റെ സ്വത്ത് വിവരങ്ങൾ എന്നുമാണ് പ്രിയങ്കാ ഗാന്ധിയുടെ ഭാഷ്യം.