KeralaNews

മുടി മുറിച്ച് പ്ലേറ്റിൽ വച്ചു,‘അന്യഗ്രഹ’ത്തിലേക്ക് തെരച്ചില്‍,സ്ഥലം തിരഞ്ഞെടുത്തതിലും ദുരൂഹത

തിരുവനന്തപുരം: അരുണാചല്‍പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീനും ഭാര്യ ദേവിയും ചില അമാനുഷിക ചിന്തകളിലായിരുന്നുവെന്നു പിതാവ് പറഞ്ഞതായി അരുണാചലിലെ ലോവര്‍ സുബാന്‍സിരി എസ്പി കെനി ബഗ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരും സുഹൃത്ത് ആര്യയും താമസിച്ച മുറിയില്‍നിന്ന് 2 ഫോണും ലാപ്‌ടോപ്പും കിട്ടി.

ദേവിയുടെയും ആര്യയുടെയും കൈകളിലെയും കഴുത്തിലെയും മുറിവ് ആഴത്തിലുള്ളതായിരുന്നു. എന്നാല്‍ നവീന്റെ കൈത്തണ്ടയിലെ മുറിവിന് അത്രയും ആഴമില്ല. ആത്മഹത്യയാണെന്നു തന്നെ കരുതുന്നുവെന്നും മറ്റെന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് അന്വേഷിക്കുന്നതായും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും എസ്പി പറഞ്ഞു.

നവീന്‍ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടില്‍നിന്നു കണ്ടെത്തിയ ലാപ്‌ടോപ്പില്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയതിന്റെ സൂചനകള്‍ കണ്ടെത്തി. മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകള്‍ വീതമുള്ള പുസ്തകങ്ങള്‍ ലാപ്‌ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന ഇരുവരുടെയും സുഹൃത്തായ അധ്യാപിക ആര്യയുടെയും ദുരൂഹ മരണങ്ങളുമായി ഇത്തരം താല്‍പര്യങ്ങള്‍ക്കു ബന്ധമുണ്ടോയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനുള്ളത്. ഏതെങ്കിലും വ്യക്തികളുടെയോ സമൂഹമാധ്യമ കൂട്ടായ്മകളുടെയോ സ്വാധീനമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. മനോരോഗ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. കടബാധ്യതകളില്ലെന്നും മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നുമാണ് മുറിയില്‍നിന്നു ലഭിച്ച, മൂവരും ഒപ്പിട്ട കുറിപ്പില്‍ പറയുന്നത്.

മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചല്‍ പൊലീസ് അറിയിച്ചു. ഇവര്‍ മരിച്ചുകിടന്നിരുന്ന ഹോട്ടല്‍ മുറിയില്‍നിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യ മകളാണെന്നു പറഞ്ഞാണ് ഇവര്‍ മുറിയെടുത്തത്.

മുറിയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. ബെഡ്ഷീറ്റ് പോലും മാറിക്കിടന്നിരുന്നില്ല. വാതിലിനടിയില്‍ തുണി വച്ച് അടച്ചിരുന്നുവെന്നും എസ് പി പറഞ്ഞു. മുറിവേല്‍പിക്കാന്‍ ഉപയോഗിച്ച ബ്ലേഡ് കട്ടിലില്‍നിന്നാണു കണ്ടെത്തിയത്. പ്ലേറ്റില്‍ കുറച്ചു മുടി മുറിച്ചുവച്ചിരുന്നു. ഇവര്‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എസ്പി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ഇവര്‍ അരുണാചലിലേക്കു പോയത്. തിരുവനന്തപുരം പൊലീസും ലോവര്‍ സുബാന്‍സിരിയിലെത്തിയിട്ടുണ്ട്.നവീനും ഭാര്യ ദേവിയും പൊതുവേ അന്തര്‍മുഖരായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളോടു സജീവമായി ഇടപെട്ടിരുന്ന അധ്യാപികയായിരുന്നു ആര്യ. കോവിഡിനു മുന്‍പ് ദേവി ഇതേ സ്‌കൂളില്‍ ജര്‍മന്‍ പഠിപ്പിച്ചിരുന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിന്തുടരുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവും 5000- 50,000 രൂപ പിഴയും ശുപാര്‍ശ ചെയ്യുന്ന ബില്‍ ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ 2019 ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് കഴിഞ്ഞവര്‍ഷം കരടു തയാറാക്കിയത്. എന്നാല്‍ ഇതിന്മേല്‍ തുടര്‍നടപടികള്‍ മുടങ്ങി.

കേഡല്‍ ജിന്‍സന്‍ രാജ കേസ്: ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനായി 2017ല്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 4 പേരെ കൊന്നു കത്തിച്ച കേസില്‍ വിചാരണത്തടവുകാരനായി പൂജപ്പുര ജയിലിലാണ് ജിന്‍സന്‍ ഇപ്പോള്‍.

ഇലന്തൂര്‍ നരബലിക്കേസ്: സാമ്പത്തിക അഭിവൃദ്ധിക്കായി 2 സ്ത്രീകളെ ക്രൂരമായ നരബലിക്കിരയാക്കിയ കേസില്‍ മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവര്‍ 2022 ഒക്ടോബറില്‍ അറസ്റ്റിലായി.

കട്ടപ്പന ഇരട്ടക്കൊല: പിഞ്ചുകുഞ്ഞിനെ 2016 ലും മുത്തച്ഛനായ ഗൃഹനാഥനെ കഴിഞ്ഞവര്‍ഷവും മന്ത്രവാദത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയത് കഴിഞ്ഞമാസം. മോഷണക്കേസില്‍ വിജയന്റെ മകന്‍ വിഷ്ണുവിനെയും മന്ത്രവാദ പശ്ചാത്തലമുള്ള സുഹൃത്ത് നിതീഷിനെയും പിടികൂടിയതോടെയാണ് ചുരുളഴിഞ്ഞത്.

കമ്പകക്കാനം കൂട്ടക്കൊല: ഇടുക്കി വണ്ണപ്പുറത്ത് കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ കൊലപ്പെടുത്തി ചാണകക്കുഴിയില്‍ മൂടിയ കേസില്‍ കൃഷ്ണന്റെ ശിഷ്യന്‍ അനീഷ് അടക്കം 4 പേര്‍ അറസ്റ്റിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button